രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുണ്ടാകും; ഫോണ്‍ കോളും സ്വകാര്യ ചാറ്റും പരസ്യമാക്കിയുള്ള വിഴുപ്പലക്കല്‍ മാന്യമല്ല: ശാരദക്കുട്ടി

By Web TeamFirst Published Mar 27, 2019, 11:28 PM IST
Highlights

'സൗഹൃദമുള്ള സമയത്തെ ഫോൺ കോളുകൾ, ചാറ്റുകൾ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോൾ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്'. 

തിരുവനന്തപുരം: ആലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അദ്ധ്യാപിക ദീപ നിശാന്ത് വിമര്‍ശിച്ചതിന് പിന്നാലെ അനില്‍ അക്കര എംഎല്‍എ ദീപ നിശാന്തിനെതിരെ രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഇരുവരും തമ്മിലുള്ള വിമര്‍ശനങ്ങളും പരിഹാസങ്ങളും കടുത്തു. ഇരുവരും തമ്മില്‍ ഫേസ്ബുക്കിലൂടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ദീപ നിശാന്ത് ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് അദ്ധ്യാപിക ശാരദക്കുട്ടി. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ എല്ലാവരിലുമുണ്ടാകും. പക്ഷേ, രഹസ്യസംഭാഷണങ്ങളും സ്വകാര്യ ചാറ്റുമൊക്കെ പരസ്യമാക്കിക്കൊണ്ടുള്ള വിഴുപ്പലക്കൽ ഏതു സാഹചര്യത്തിലായാലും മാന്യമല്ലെന്നാണ് ശാരദക്കുട്ടിയുടെ പോസ്റ്റിലുള്ളത്.

സൗഹൃദമുള്ള സമയത്തെ ഫോൺ കോളുകൾ, ചാറ്റുകൾ ഒക്കെ സൂക്ഷിച്ചു വെച്ച് സൗഹൃദം നഷ്ടപ്പെടുമ്പോൾ അവയെടുത്തുപയോഗിക്കുന്നത് ഭയപ്പാടുണ്ടാക്കുന്ന തരം സ്വഭാവ വൈകല്യമാണ്. ഗാലറിയിൽ കയ്യടിക്കാൻ ഇരുപക്ഷത്തും ആളുള്ളതു കൊണ്ട് അതൊക്കെ വലിയ പൊതുജനാംഗീകാരമായി കാണേണ്ടതുമില്ല. ഇതൊക്കെ കണ്ട് ലജ്ജയോടെ തല കുനിച്ചിരിക്കുന്ന വേറൊരു വലിയ വിഭാഗവും ഇവിടെയുണ്ട്. രണ്ടു കൂട്ടരുടെയും വിഴുപ്പലക്കലുകൾ കേട്ട് അവർക്ക് മനംപിരട്ടലാണുണ്ടാകുന്നതെന്നും ശാരദക്കുട്ടി കുറിപ്പില്‍ പറയുന്നു.

ദീപയുടെ അച്ഛനും റിട്ടേര്‍ഡ് പൊലീസുകാരനുമായ തടത്തില്‍ ശങ്കരനാരായണനെ ആദരിക്കുന്ന ചടങ്ങില്‍ താന്‍ ശങ്കരനാരായണന്‍റെ മകളാണെന്ന കാര്യം വേദിയില്‍ പറയരുതെന്ന് ദീപ തന്നെ വിളിച്ച് പറഞ്ഞെന്നായിരുന്നു അനില്‍ അക്കര എംഎല്‍എയുടെ ആരോപണം.ദീപ തന്നെ വിളിച്ച് പറഞ്ഞത് കോള്‍ റെക്കോര്‍ഡ് പരിശോധിച്ചാല്‍ മനസിലാക്കാമെന്നും നാട്ടുകാരെ കേള്‍പ്പിക്കാത്തത് തന്‍റെ മാന്യതയെന്നും അനില്‍ അക്കര പറഞ്ഞിരുന്നു.ഒരു പൊലീസുകാരന്‍റെ മകളാണെന്ന് പറയുന്നതിലോ കോണ്‍ഗ്രസുകാരന്‍റെ മകളെന്ന് അറിയപ്പെടുന്നതിലോ ഉള്ള നാണക്കേടോ ആകാം ദീപയെ അങ്ങനെ പറയിപ്പിച്ചതെന്നായിരുന്നു അനില്‍ അക്കരയുടെ വിശദീകരണം. 

എന്നാല്‍ അനില്‍ അക്കരയുടെത് വ്യാജ പ്രചാരണമെന്നായിരുന്നു ദീപയുടെ മറുപടി. താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ തന്‍റെ അച്ഛനെ ആദരിക്കുന്ന ദിവസം മകളെന്ന് പറയരുതെന്ന് ഇയാളോട് പറയേണ്ട ആവശ്യം എനിക്കെന്താണ്.  താന്‍ എഴുതിയ അഞ്ച് പുസ്തകങ്ങളിലും അച്ഛനെ കുറിച്ച് അഭിമാനപൂര്‍വ്വം എഴുതിയിട്ടുള്ള, അദ്ദേഹത്തിന്‍റെ മകള്‍ എന്ന നിലയില്‍ ഇന്നും പൊലീസ് സമ്മേളനങ്ങളില്‍ പോയി സംസാരിക്കുന്ന ' എന്‍റെ അച്ഛന്‍ കൊണ്ട വെയിലാണ് ഞാനനുഭവിക്കുന്ന തണല്‍' എന്ന് അഭിമാനിക്കുന്ന ആളാണ് ഞാനെന്നും ദീപ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിന് പിന്നാലെ ഇത് തെളിയിക്കുന്ന ഇരുവരും തമ്മിലുള്ള ചാറ്റിന്‍റെ സ്ക്രീന്‍ ഷോട്ടും ദീപ പങ്കുവെച്ചിരുന്നു.

 

click me!