സുധാകരന്‍റെ ശൈലിയില്‍ അമര്‍ഷം, അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി ശരത്ചന്ദ്രപ്രസാദ്, ഇടപെട്ട് ചെന്നിത്തല

By Web TeamFirst Published Sep 15, 2022, 4:10 PM IST
Highlights

ജനറൽ ബോഡി യോഗത്തിന് മുമ്പ് നേതാക്കൾ അനുനയിപ്പിച്ചതോടെ ശരത് പിന്മാറി. പിന്നാലെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. 

തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങി ശരത്ചന്ദ്രപ്രസാദ്. സുധാകരന്‍റെ ശൈലിയിലും അംഗത്വ പട്ടികയിലുമുള്ള അമർഷം മൂലമാണ് ശരത് പത്രിക നൽകാനൊരുങ്ങിയത്. ജനറൽ ബോഡി യോഗത്തിന് മുമ്പ് നേതാക്കൾ അനുനയിപ്പിച്ചതോടെ ശരത് പിന്മാറി. പിന്നാലെ പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തുന്ന പ്രമേയം യോഗം പാസാക്കി. 

മത്സരമില്ലാതെ കെ സുധാകരനെ സമവായത്തിലൂടെ വീണ്ടും പ്രസിഡണ്ടാക്കാൻ ധാരണയിലെത്തിയ നേതൃത്വത്തെ അമ്പരിപ്പിച്ചായിരുന്നു ശരത്ചന്ദ്രപ്രസാദിന്‍റെ നീക്കം. ജനറൽ ബോഡി യോഗത്തിന് മുമ്പ് അധ്യക്ഷസ്ഥാനത്തേക്ക് താൻ മത്സരിക്കുമെന്ന് ശരത് നേതാക്കളെ അറിയിച്ചു. ഐ ഗ്രൂപ്പ് നേതാവായ ശരത്തിനെ അനുനയിപ്പിക്കാൻ കെപിസിസി നേതൃത്വം ചുമതലപ്പെടുത്തിയത് രമേശ് ചെന്നിത്തലയെ. ആദ്യം ചെന്നിത്തലയും പിന്നാലെ കെ സുധാകരനും വി ഡി സതീശനുമടക്കമുള്ള നേതാക്കളും ശരതുമായി സംസാരിച്ചു. അംഗത്വ പട്ടിക നിശ്ചയിക്കുന്നതിലടക്കം വീതം വെപ്പ് നടന്നുവെന്നാണ് ശരതിന്‍റെ പരാതി. 

തരൂർ എഐസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചാൽ മനസാക്ഷിവോട്ട് ചെയ്യണമെന്ന കെ സുധാകരന്‍റെ പ്രസ്താവനയിലും ശരതിന് അതൃപ്തിയുണ്ട്. പ്രശ്നങ്ങളും പരാതികളും പറഞ്ഞ് തീർക്കാമെന്ന് നേതൃത്വം ഉറപ്പ് നൽകി. ജോഡോ യാത്രക്കിടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മത്സരം വന്നാൽ തിരിച്ചടി ഉണ്ടാകുമെന്ന് അറിയിച്ച നേതാക്കൾ ഒടുവിൽ ശരത്തിനെ അനുനയിപ്പിച്ചു. ജനറൽ ബോഡി യോഗത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് ശരത് അറിയിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പ് നടപടികൾ നീണ്ടുപോകുമായിരുന്നു.  

അനുനയ ചർച്ചക്ക് ശേഷം ചെന്നിത്തല തന്നെയാണ് യോഗത്തിൽ  പുതിയ അധ്യക്ഷനെയും കെപിസിസി ഭാരവാഹികളെയും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാൻ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. അഞ്ച് നേതാക്കൾ പിന്താങ്ങി ഏകകണ്ഠമായി പ്രമേയം പാസ്സാക്കി. കെ സുധാകരന്‍റെ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തുള്ള തീരുമാനം ദില്ലിയിൽ നിന്നും വൈകാതെ ഉണ്ടാകും. അംഗത്വ പട്ടിക പുറത്തുവിടാതെ പരാതികളൊന്നുമില്ലെന്ന് നേതൃത്വം അവകാശപ്പെടുമ്പോഴാണ്  സംഘടനയിൽ അതൃപ്തി പുകയുന്നുണ്ടെെന്നതിന്‍റെ വ്യക്തമായ സൂചന ശരത് നൽകുന്നത്.

click me!