
കാലാകാലങ്ങളായി സാധാരണക്കാരന്‍റെ സ്വന്തം മീനാണ് മത്തി അഥവാ ചാള. മത്തിക്കറി-കപ്പ കോംബോ രുചി അറിയാത്തവർ തന്നെ ചുരുക്കം. വറുത്ത മത്തിയും ചൂടുചോറും ഉച്ചയ്ക്ക് കൺമുന്നിലെത്തിയാൽ മീൻപ്രേമിക്ക് മറ്റെന്ത് വേണം. കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലത്, അധികം കൊഴുപ്പില്ല, ഹൃദയത്തിനും തലച്ചോറിന്‍റെ വളർച്ചക്കും മികച്ചത് എന്നിങ്ങനെ മത്തിപ്രേമത്തിന് പറയുന്ന കാരണങ്ങൾ നിരവധി. മാത്രമല്ല, ഒരുകാലത്ത് കുറഞ്ഞ നിരക്കിൽ കിട്ടിയ മീനാണ് മത്തി.
അങ്ങനെ ദിവസമെന്നോണം മത്തി കഴിച്ച് കഴിച്ച് മലയാളികള്‍ത്ത് അതൊരു ഒഴിച്ചുകൂടാനാവാത്ത ശീലമായി മാറി. പക്ഷേ ആ ശീലം ഇപ്പോൾ പോക്കറ്റ് കാലിയാക്കുന്ന അവസ്ഥയാണ്. മത്തി കേരളതീരം വിടുന്നതിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ മീൻ കഴിക്കുന്നവരാണ് മലയാളികൾ. ബംഗാളികൾക്ക് രോഹു മീനെങ്കിൽ മലയാളികള്‍ക്ക് അത് മത്തിയാണ്. ശരാശരി മലയാളി വർഷം 25 മുതൽ 30 കിലോ മത്സ്യം കഴിക്കുന്നുവെന്നാണ് കണക്ക്. ഇതിൽ 30 ശതമാനവും നമ്മുടെ മത്തി തന്നെ. എന്നാൽ, ഈ മത്തി പ്രേമം എത്രനാൾ തുടരാൻ കഴിയുമെന്നതാണ് നിലവിലെ ചർച്ചകൾ.
ട്രോളിംഗ് നിരോധനവും കുത്തനെ ഉയരുന്ന മത്തി വിലയും
നാട്ടിൽ ട്രോളിംഗ് നിരോധനം തുടങ്ങിയത് ജൂൺ 10നാണ്. ഈ മാസം 31 വരെ വലിയ ബോട്ടുകൾക്ക് കടലിൽ പോകുന്നതിന് നിരോധനമുണ്ട്. എന്നാൽ ഈ സമയത്ത് ചെറുവള്ളങ്ങളിൽ സാധാരണ നല്ലപോലെ മത്തിയടക്കം കിട്ടാറുണ്ട്. പക്ഷേ, ഇത്തവണ മത്തി ലഭ്യത ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. അതോടെ കിലോ മത്തിക്ക് 320 രൂപ വരെ വില എത്തി. കിലോ മത്തിക്ക് 250 മുതൽ 300 രൂപ വരെയാണ് വില. പക്ഷേ മത്തിയൊന്ന് വേണമെന്ന് നിർബന്ധമുള്ളവർ എത്ര വിലയായാലും മീൻ വാങ്ങുന്നുണ്ട്. അയല 260 രൂപ, വലിയ ചെമ്മീൻ 550 രൂപ, ചെറിയ ചെമ്മീൻ - 280 രൂപ, കൊഴുവ – 200 രൂപ, രോഹു – 200 രൂപ എന്നിങ്ങനെ നിരക്ക് പോകുന്പോഴാണ് കഴിഞ്ഞ ദിവസം മത്തിക്ക് 300 രൂപ കടന്നത്. കടൽ മീനുകൾക്കൊപ്പം വളർത്തുമീനുകളും വിപണിയിലിപ്പോൾ സുലഭമാണ്.
മത്തി കുറയുക തന്നെയെന്ന് സിഎംഎഫ്ആർഐ
കടലിലെ മീനുകളുടെ സഞ്ചാരപഥം പഠിച്ച് ശാസ്ത്രീയമായി വിലയിരുത്തുന്ന കേന്ദ്രസമുദ്ര പഠന ഗവേഷണ കേന്ദ്രവും പറയുന്നു മത്തി കേരളക്കര വിടുകയാണെന്ന്. അവർ പുറത്തുവിട്ട വിവരങ്ങൾ ഇപ്രകാരമാണ്. 1994ന് ശേഷമുള്ള ഏറ്റവും കുറവ് മത്തിയാണ് കേരളത്തിന് കഴിഞ്ഞ വർഷം കിട്ടിയത്. 3,297 ടൺ മത്തി. കഴിഞ്ഞ വർഷം മൊത്തം മത്സ്യലഭ്യത 54 ശതമാനത്തോളം കൂടിയപ്പോഴാണ് മത്തി ലഭ്യത കുത്തനെ ഇടിഞ്ഞത്. 5.5ലക്ഷം ടൺ മീനാണ് കഴിഞ്ഞ വർഷത്തെ മത്സ്യലഭ്യത. 2014ൽ ലാൻഡിംഗ് സെന്‍ററുകളിൽ എത്തിയ മത്തിയുടെ വാർഷികമൂല്യം 608 കോടി രൂപയായിരുന്നു.
എന്നാൽ കഴിഞ്ഞ വർഷം ഇത് 30 കോടി രൂപയായി കുറഞ്ഞുവെന്ന് സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ. എൻ അശ്വതിയുടെ നേതൃത്വത്തിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. മത്തിയെ ആശ്രയിച്ച് മത്സ്യബന്ധനം നടത്തിയ മീൻപിടുത്തക്കാരുടെ പ്രതിസന്ധിയുടെ ആഴം അറിയണമെങ്കിൽ ഇത് കൂടി കേൾക്കണം. ശരാശരി 3.35ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന ഇവരുടെ വരുമാനം 90,262 രൂപയായി കുറഞ്ഞു. കടലിൽ പോകുന്ന പ്രവൃത്തി ദിനങ്ങൾ 237 ആയിരുന്നെങ്കിൽ നിലവിൽ അത് 140 ആയി കുറഞ്ഞെന്നും പഠനസംഘം ചൂണ്ടിക്കാട്ടുന്നു. മത്തിക്കൊപ്പം മലയാളിയുടെ മറ്റൊരു ഇഷ്ടവിഭവമായ അയിലയും കുറഞ്ഞ് വരുന്നതായി മീൻപിടുത്തക്കാർ പറയുന്നു.പക്ഷേ അതെന്ത്ര ആയാലും മത്തിയോളം താഴ്ന്നിട്ടില്ല.
മത്തി കുറയാൻ കാരണമെന്ത്?
കാലാവസ്ഥ വ്യതിയാനമാണ് നമ്മുടെ മത്തിയെ ആകെ പിടിച്ചുലയ്ക്കുന്നത്. കേരളത്തീരത്ത് നിന്ന് ഗുജറാത്ത് തീരത്തേക്കും മറ്റിടങ്ങളിലേക്കും മത്തി കൂട്ടമായി പലായനം ചെയ്യുകയാണ്. പസഫിക് സമുദ്രത്തിലെ ചൂട് കൂടുന്നതും അറേബ്യൻ കടലിലെ മത്തിയുടെ ആവാസവ്യവസ്ഥതയെ ബാധിക്കുന്നതിന്‍റെ കാരണമാണ്. എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് കടലിലെ കാലാവസ്ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഈ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് കൊച്ചിയിലെ സിഎംഎഫ്ആർഐ നേരത്തെ കണ്ടെത്തിയിരുന്നു.
മത്തിയെ കാക്കാൻ എന്ത് ചെയ്യണം?
കഴിഞ്ഞ വർഷം മത്തി തിരിച്ച് വരവിന്‍റെ ചില സൂചനകൾ നൽകിയിരുന്നു. എന്നാൽ, ചെറുമത്തി കൂട്ടമായി പിടിക്കുന്നതാണ് വില്ലനാകുന്നത്. അന്ന് തെക്കൻ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികൾ കണ്ടുതുടങ്ങിയത്. എന്നാൽ, ഇവ പിടിക്കുന്നതിൽ അതീവ കരുതൽ വേണമെന്നാണ് ഗവേഷണസംഘങ്ങൾ നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും പ്രത്യുൽപാദന ഘട്ടത്തിൽ എത്താത്ത മീനുകൾ വലയിൽ കുടുങ്ങുന്നതാണ് തിരിച്ചടി. 14-16 സെ.മീ. വലിപ്പമുണ്ടെങ്കിൽ ആ മത്തി പൂർണ പ്രത്യുൽപാദനത്തിന് സജ്ജമാകാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
മാത്രമല്ല, മുട്ടയിടാൻ പാകമായ വലിയ മത്തികൾ കുറച്ചുനാളായി കേരളതീരങ്ങളിൽ തീരെ കുറവാണെന്നതും മറ്റൊരു പ്രതിസന്ധി. നിയമാനുസൃതമായി പിടിക്കാവുന്ന മത്തിയുടെ വലിപ്പം 10 സെ.മീ. ആണെങ്കിലും അസാധാരണവുമായ പ്രതിസന്ധി തുടരുന്നതിനാൽ മത്തിക്ക് കൂടുതൽ ഇളവുകൾ നൽകിയേ തീരൂ. തത്കാലം ട്രോളിംഗ് നിരോധനമാണ് നിലവിലെ കാരണമെങ്കിലും കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രശ്നങ്ങൾ മത്തിയെ എങ്ങനെ മാറ്റിമറിക്കുമെന്നതാണ് കണ്ടറിയേണ്ടത്.അപ്പോഴും മത്തിയോടുള്ള ആ മമത മലയാളി കൈവിടാൻ ഇടയില്ല.