സരിതിന്റെ മൊഴി മൂന്ന് പേർക്കെതിരെ, തിങ്കളാഴ്ച വാദം കേൾക്കും; പ്രതിക്ക് സംരക്ഷണം നൽകണമെന്ന് കോടതി

By Web TeamFirst Published Jul 10, 2021, 1:03 PM IST
Highlights

ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് സരിതിന്റെ പരാതി. രാവിലെ 11മണിക്ക് കൊച്ചി എൻഐഎ കോടതി പ്രത്യേക സിറ്റിംഗ് നടത്തി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സൂരജിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. അഭിഭാഷകരെ ഒഴിവാക്കി സരിത്തിനെ ചേംബറിൽ വിളിച്ചു വരുത്തിയാണ് എൻഐഎ കോടതി മൊഴിയെടുത്തത്. മൊഴിയെടുക്കൽ ഒന്നേകാൽ മണിക്കൂർ നീണ്ടു. മൂന്ന് ഉദ്യോഗസ്ഥർക്കെതിരെയാണ് സരിത് മൊഴി നൽകിയിരിക്കുന്നത്. ജയിൽ സൂപ്രണ്ടടക്കം മൂന്നുപേർ നിരന്തരമായി പീഡിപ്പിച്ചെന്ന് സരിത്തിന്റെ മൊഴിയിൽ വ്യക്തമാക്കിയതായാണ് വിവരം.

ജയിലിൽ ഉറങ്ങാൻ അനുവദിക്കുന്നില്ല, രാത്രി ഉറങ്ങുന്നതിനിടയിൽ നിരന്തരം വിളിച്ചുണർത്തുന്നുവെന്നും സരിത് പറഞ്ഞിട്ടുണ്ട്. പ്രതിക്ക് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകി. മാനസികവും ശാരീരികവുമായ പീഡനം ഉണ്ടാവരുതെന്ന് ജയിൽ ഡിജിപിയോട് കോടതി പറഞ്ഞു. സരിത്തിന്റെ മൊഴിയിൽ തുടർ നടപടി തീരുമാനിക്കാൻ തിങ്കളാഴ്ച വാദം കേൾക്കും. ഇന്നലെയാണ് തനിക്ക് ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ ജയിൽ അധികൃതർ നിർബന്ധിക്കുന്നുവെന്നും അഭിഭാഷകൻ മുഖേന സരിത് കോടതിയെ അറിയിച്ചത്. തുടർന്ന് പ്രത്യേക സിറ്റിങ് നടത്തി മൊഴിയെടുക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.

ഭീഷണി ഉണ്ടായിരുന്നുവെന്നും എല്ലാം കോടതിയിൽ പറഞ്ഞെന്നും സരിത് കോടതിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതികരിച്ചു. ബിജെപി, കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നാണ് സരിതിന്റെ പരാതി. രാവിലെ 11മണിക്ക് കൊച്ചി എൻഐഎ കോടതി പ്രത്യേക സിറ്റിംഗ് നടത്തി. ജയിലിൽ സരിതിനെ കാണാൻ എത്തിയ അമ്മയോടും സഹോദരിയോടുമാണ് തനിക്ക് ജയിൽ അധികൃതരിൽ നിന്ന് ഭീഷണിയുള്ള കാര്യം ഇയാൾ അറിയിച്ചത്. സമാന പരാതിയുമായി സരിതിന്റെ അമ്മ കസ്റ്റംസിനെയും സമീപ്പിച്ചിട്ടുണ്ട്.

അതേസമയം സ്വർണക്കടത്ത് കേസിലെ പ്രതികളായ റെമിത്തിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ് മൂന്ന് ദിവസം മുൻപ് കോടതിയിൽ പരാതി നൽകിയിരുന്നുവെന്ന കാര്യവും പുറത്തായി. പ്രതികൾ ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നാണ് ജയിൽ വകുപ്പ് ആരോപിച്ചത്. ഈ മാസം അഞ്ചിന് രാത്രി റെമീസ് സെല്ലിനുള്ളിൽ സിഗററ്റ് വലിച്ചു. സരിത്തും സമീപമുണ്ടായിരുന്നു. സിസിടിവി ദ്യശ്യങ്ങൾ കണ്ട് പരിശോധിക്കാനായി എത്തിയ ഉദ്യോഗസ്ഥരോട് പ്രതികള്‍ തട്ടിക്കയറിയെന്നും അധികൃതര്‍ പറയുന്നു.

പുറത്തുനിന്നും യഥേഷ്ടം ഭക്ഷണം വേണമെന്നാണ് പ്രതികളുടെ ആവശ്യമെന്നും ജയിൽ അധികൃതരുടെ പരാതിയിലുണ്ട്. സൗന്ദര്യ സംരക്ഷണ വസ്തുക്കൾ ഉൾപ്പെടെ റമീസിന് പാഴ്സൽ എത്തുന്നുണ്ട്. ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായതിനാൽ ഇത് കൈമാറുന്നില്ല. ഇതേ ചൊല്ലി ഉദ്യോഗസ്ഥരെ പ്രതികള്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും അധികൃതര്‍ പറയുന്നു. കസ്റ്റംസ് - എന്‍ഐഎ കോടതിയിൽ പൂജപ്പുര ജയിൽ സൂപ്രണ്ടാണ് റിപ്പോർട്ട് നൽകിയത്.

click me!