സരിതാ നായര്‍ ഉള്‍പ്പെട്ട ജോലിതട്ടിപ്പ്; എങ്ങുമെത്താതെ പൊലീസ് അന്വേഷണം

By Web TeamFirst Published Dec 17, 2020, 11:09 PM IST
Highlights

സരിതയെ കേസിൽ പ്രതി ചേർക്കാൻ തന്നെ ആദ്യം മടിച്ച പൊലീസ് പിന്നീട് കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് പ്രതിയാക്കിയത്. പക്ഷെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സരിതയെ ചോദ്യം ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല. 

കൊച്ചി: സരിതാനായർ ഉൾപ്പെട്ട ലക്ഷങ്ങളുടെ ജോലിതട്ടിപ്പിൽ എങ്ങുമെത്താതെ പൊലീസ് അന്വേഷണം. കേസിൽ പ്രതി ചേർത്ത സരിതയെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തില്ല. തദ്ദേശതെരഞ്ഞെടുപ്പിൽ കുന്നത്തുകാൽ പഞ്ചായത്തിൽ നിന്നും ജയിച്ച കേസിലെ മറ്റൊരു പ്രതിയായ രതീഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ബെവ്കോ , കെടിഡിസി , ദേവസ്വം ബോർഡ് എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിലാണ് സരിത എസ് നായർ, ടി രതീഷ്, ഷൈജു പാലിയോട് എന്നിവർക്കെതിരെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്. 

സരിതയെ കേസിൽ പ്രതി ചേർക്കാൻ തന്നെ ആദ്യം മടിച്ച പൊലീസ് പിന്നീട് കൂടുതൽ തെളിവുകൾ പുറത്ത് വന്നതോടെയാണ് പ്രതിയാക്കിയത്. പക്ഷെ പ്രതി ചേർത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും സരിതയെ ചോദ്യം ചെയ്യാൻ പോലും ശ്രമിച്ചിട്ടില്ല. മാത്രമല്ല ബാക്കി രണ്ട് പ്രതികൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. ഇതിൽ ടി രതീഷ് കുന്നത്തുകാൽ പഞ്ചായത്തിൽ സിപിഐ സ്ഥാനാർത്ഥിയായി ജയിച്ചു. രതീഷിനെ സിപിഐ കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. വോട്ടണ്ണെൽ കേന്ദ്രത്തിൽ രതീഷ് എത്തിയിരുന്നില്ല. പ്രതികൾ ഒളിവിലാണെന്ന് പറയുമ്പോഴും കേസിലെ പരാതിക്കാരനെ സ്വാധിനിക്കാൻ പ്രതികൾ ശ്രമിക്കുന്നതായുള്ള വിവരവും പുറത്ത് വരുന്നുണ്ട് .

അതേ സമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളായത് കൊണ്ടാണ് അന്വേഷണത്തിലെ കാലതാമസമെന്നാണ് നെയ്യാറ്റിൻ കര പൊലീസിന്‍റെ വിശദീകരണം . പണം നൽകിയ കേസ് ഒത്തുതീർപ്പായാലും സർക്കാർ സ്ഥാപനങ്ങളുടെ വ്യാജ രേഖയുണ്ടാക്കിയ കേസ് പൊലീസിന് പിൻവലിക്കാകാനില്ല. ഇതേ കുറിച്ച് അന്വേഷിക്കുന്നതിൻറെ ഭാഗമായി സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

click me!