തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് ശശി തരൂർ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി. ശബരിമലയിലെ നിലപാടും നിയമസഭാ തെരഞ്ഞെടുപ്പിലെ വനിതാസംവരണവുമായിരുന്നു ആദ്യസെഷനിലെ ചോദ്യങ്ങൾ. അഞ്ച് ജില്ലകളിലാണ് തരൂരിന്‍റെ നേതൃത്തിലുള്ള സംഘം നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്.
യുവാക്കളിൽ തരൂരിനുള്ള സ്വാധിനവും സ്വീകര്യതയും ഉപയോഗിക്കാനാണ് യുഡിഎഫ് 'ടോക്ക് ടു തരൂർ' എന്ന പരിപാടി സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് സ്വകാര്യഹോട്ടലിൽ നടന്ന ആദ്യസെഷനിൽ ശബരിമല തന്നെയായിരുന്നു ആദ്യചോദ്യമായി വന്നത്. ഭൂരിപക്ഷമാളുകളുടെയും അഭിപ്രായമെന്തെന്നത് കണക്കിലെടുത്താണ് ശബരിമല പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്ന് ശശി തരൂർ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിട്ട് നൽകിയതിൽ പാർട്ടി നിലപാടിന് വിരുദ്ധമായ സമീപനമെന്ത് കൊണ്ടെന്നായിരുന്നു അടുത്ത ചോദ്യം. ''തിരുവനന്തപുരം വിമാനത്താവളം നന്നാക്കണമെന്നത് വലിയ ആളുകളുടെ മാത്രം ആവശ്യമല്ല. ഇവിടത്തെ സാധാരണക്കാരുടെ പോലും ആവശ്യമാണ്. അതുകൊണ്ട് തന്നെ'', എന്ന് തരൂരിന്‍റെ മറുപടി.
തെരഞ്ഞെടുപ്പിൽ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം വേണമെന്ന് അടുത്ത നിർദ്ദേശം ഉയർന്നു. അത് തീർച്ചയായും പരിഗണനാർഹമായ വിഷയം തന്നെയാണെന്ന് തരൂർ. നിർദ്ദേശങ്ങൾ പറയാനുള്ള വേദി തരൂരുമായുള്ള ചോദ്യോത്തരവേദിയായി മാറി. നഗരവികസനം ഉന്നതവിദ്യാഭ്യാസമേഖല ഉൾപ്പടെ എല്ലാ മേഖലകളെക്കുറിച്ചും നിർദ്ദേശങ്ങളുണ്ടായി. ബെന്നി ബെഹന്നാൻ, ഡോ എം കെ മുനീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam