
തിരുവനന്തപുരം: സതിയമ്മയെ പുറത്താക്കിയ നടപടി ഉമ്മൻചാണ്ടിയെ അനുകൂലിച്ച് സംസാരിച്ചതിനല്ലെന്ന് മന്ത്രി ചിഞ്ചുറാണി. സതിയമ്മ താത്ക്കാലിക ജീവനകാരിയല്ലെന്നും അനധികൃതമായാണ് ഇവർ ജോലി ചെയ്തതെന്നും സർക്കാർ പറയുന്നു. ജിജി എന്ന താത്കാലിക ജീവനക്കാരിക്ക് പകരക്കാരിയായാണ് ഇവർ ജോലി ചെയ്തത്. ഇത്രയും നാൾ എങ്ങനെ ജോലി ചെയ്തു എന്ന് പരിശോധിക്കും. അടുത്ത തവണ ആവശ്യമെങ്കിൽ സതിയമ്മയെ പരിഗണിക്കുമെന്നും ചിഞ്ചു റാണി വ്യക്തമാക്കി.
വിഷയത്തിൽ വിശദീകരണവുമായി മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തി. പരിയാരം വെറ്ററിനറി പോളിക്ലിനികിന്റെ കീഴിലുള്ള പുതുപ്പള്ളി വെറ്ററിനറി സബ് സെന്ററിൽ പാർട്ട് ടൈം സ്വീപ്പർ താത്കാലിക ജോലി ഐശ്വര്യ കുടുംബശ്രീ വഴിയാണ് ചെയ്ത് വരുന്നത്. ആറ് മാസത്തെ വീതം കരാറാണിത്. നിലവിൽ ലിജിമോൾ എന്നയാളെയാണ് അവിടെ കുടുംബശ്രീ നിയമിച്ചിരിക്കുന്നത്. അഞ്ച് ദിവസം മുൻപ് ഡപ്യൂട്ടി ഡയറക്ടർ നടത്തിയ പരിശോധനയിൽ ലിജിമോളല്ല ജോലി ചെയ്യുന്നതെന്നും സജിമോളാണ് ജോലി ചെയ്യുന്നതെന്നും കണ്ടെത്തി. എന്നാൽ ലിജിമോളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ശമ്പളം പോയിരുന്നത്. അത് ശരിയായ നടപടിയല്ലാത്തതിനാൽ യഥാർത്ഥ ആൾ തന്നെ ജോലിക്ക് വരണമെന്നായിരുന്നു നിർദ്ദേശിച്ചത്. ലിജിമോൾക്ക് ഇനി ഒരു മാസം കൂടി ജോലി ചെയ്യാനാവും. ലിജിമോൾ വരുന്നതിന് മുൻപ് സതിയമ്മ അവിടെ ജോലി ചെയ്തിരുന്നു. ഒരാഴ്ച മുൻപ് ലിജിമോളല്ല ജോലി ചെയ്യുന്നതെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡപ്യൂട്ടി ഡയറക്ടർ പരിശോധിച്ചതെന്നും വകുപ്പ് അധികൃതർ പറഞ്ഞു.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെക്കുറിച്ചു പറഞ്ഞതിന് പിരിച്ചു വിട്ടെന്ന പരാതി പരിഹാസ്യവും ബാലിശവുമായ വാദമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. സാധാരണഗതിയിൽ ഇങ്ങനെ ഉണ്ടാകാറില്ല. ഈ വാർത്ത ശ്രദ്ധയിൽപെട്ടിട്ടില്ല. നിഷ്കളങ്കമായി ഈ വാർത്ത കാണുന്നില്ല. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്ത നിർമിതി ഇനിയുമുണ്ടാകും. ആരെയെങ്കിലും പുകഴ്ത്തിയതിന്റെ പേരിൽ പിരിച്ചുവിടുന്ന സാഹചര്യമില്ല. മാധ്യമങ്ങൾ സംസ്ഥാന സർക്കാരിനെ ആക്രമിക്കുകയാണെന്നും കേരളത്തിനെതിരെ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം വന്നപ്പോൾ മാധ്യമങ്ങൾ അത് പറയാതെ കേന്ദ്ര സർക്കാരിന് പരിച തീർക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam