
തിരുവനന്തപുരം: സമ്മേളനങ്ങൾക്ക് പിന്നാലെ സിപിഐ സംസ്ഥാന നേതൃത്വത്തിൽ അടിമുടി മാറ്റം. സംസ്ഥാന കൗൺസിലിനും, എക്സിക്യൂട്ടീവിനും പുറമേ ഇനി മുതൽ സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഉണ്ടാകും. പിപി സുനീറും സത്യൻ മൊകേരിയും ആണ് അസിസ്റ്റൻറ് സെക്രട്ടറിമാർ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ എണ്ണം 25 ആയി ഉയർത്തി. വിഎസ് സുനിൽകുമാർ, ടിജെ അഞ്ചലോസ് തുടങ്ങിയവരെ ഉൾപ്പെടുത്തി. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെപി സുരേഷ് രാജ്, കെകെ വത്സരാജ്, ടിടി ജിസ്മോൻ, ലതാദേവി എന്നിവരേയും എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. ബിനോയ് വിശ്വത്തിനെതിരായ വിവാദ സംഭാഷണത്തിൽ ഉൾപ്പെട്ട കെഎം ദിവാകരനെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ രാജൻ, പി പ്രസാദ്, ജിആർ അനിൽ, ജയ് ചിഞ്ചു റാണി, മുല്ലക്കര രത്നാകൻ അടക്കമുള്ള മുതിർന്ന നേതാക്കൾ എക്സിക്യൂട്ടീവിൽ തുടരും.
കഴിഞ്ഞ ദിവസമാണ് ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരുന്ന തീരുമാനം ഉണ്ടായത്. ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഇളവ് നൽകിയുള്ള തീരുമാനം ഐക്യകണ്ഠേന എടുത്തതാണെന്ന് ഡി രാജ പ്രതികരിച്ചു. പാർട്ടിയുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യരുതെന്നും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ഡി രാജ പറഞ്ഞു. എന്നാൽ കേരള ഘടകം എതിർപ്പ് ഉയർത്തി എന്ന വാർത്തകളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ രാജ അവരോട് തന്നെ പോയി ചോദിക്കൂ എന്നാണ് മറുപടി നൽകിയത്. പാർട്ടി ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. 31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. കെ പി രാജേന്ദ്രൻ നിർവാഹക സമിതിയിൽ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്സിക്യൂട്ടിവ്, 136 അംഗ കൗൺസിൽ എന്നിവ നിലവിൽ വന്നു.