
ലഹരിക്കെതിരെയുള്ള ഫുട്ബോള്‍ മത്സരത്തില്‍ കിരീടം സിനിമാ താരങ്ങള്‍ക്ക്. എക്സൈസ് ഉദ്യോഗസ്ഥരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സിനിമാ താരങ്ങള്‍ കപ്പ് നേടിയത്. കൊച്ചി കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അമ്മ ടീം ജേതാക്കളായത്.ആദ്യ മത്സരത്തില്‍ കോര്‍പ്പറേറ്റ് ടീമിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അമ്മ തോല്‍പ്പിച്ചത്.
പിന്നീട് ജനപ്രതിനിധികളും എക്സൈസ് ടീമും തമ്മിലായിരുന്നു മത്സരം.ഈ കളിയില്‍ എക്സൈസ് ടീം വിജയിച്ചു. രണ്ട് മത്സരങ്ങളിലേയും വിജയികളായ അമ്മ ടീമും എക്സൈസ് ടീമും തമ്മിലായിരുന്നു മൂന്നാമത്തെ കളി. ഈ പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് താരങ്ങള്‍ വിജയം കരസ്ഥമാക്കിയത്. കളിയില്‍ തോറ്റെങ്കിലും പന്തുകളി മത്സരത്തിലൂടെ ലഹരി വിരുദ്ധ സന്ദേശം എല്ലാവരിലേക്കുമെത്തിക്കാനായതിന്‍റെ സന്തോഷത്തിലായിരുന്നു എകസൈസ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ദിവസം മുതല്‍ സംസ്ഥാനത്തൊട്ടാകെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് വിദ്യാർത്ഥികൾ ചങ്ങല തീർത്തിരുന്നു. കേരളത്തിലെ വിവിധ മേഖലയിൽ പെട്ട ജനങ്ങൾ പലവിധത്തിൽ ക്യാംപെയിനിന്റെ ഭാഗമായിരുന്നു. കുറ്റം ചെയ്യുന്നവർക്കെതിരെ കൃത്യമായ കർക്കശമായ നടപടിയെടുക്കാൻ എക്സൈസും പൊലീസും ശ്രദ്ധിക്കുന്നുണ്ട്. ലഹരിവസ്തുക്കൾ കത്തിച്ചു കൊണ്ടും ലഹരി വിരുദ്ധ ക്യാംപയിന്‍ സജീവമായി നടക്കുകയാണ്.
ലഹരി വിരുദ്ധ ക്യാംപയിന്‍റെ ആദ്യഘട്ടത്തിന്‍റെ അവസാനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ ഭാഗമായിരുന്നു. ലഹരി മാഫിയ വിദ്യാർത്ഥികളെ പ്രത്യേകമായി ലക്ഷ്യം വെക്കുന്നുണ്ടെന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ലഹരി വിരുദ്ധ ക്യാംപയിന്‍ ഊര്‍ജ്ജിതമായി നടത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam