
ദില്ലി : മുസ്ലിം ലീഗ് ഉൾപ്പടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്ന ഹർജിയാണ് തള്ളിയത്. സമാന ഹർജി ദില്ലി ഹൈക്കോടതിയിൽ ഉണ്ടെന്ന് എംഐഎമ്മിൻറെ അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിച്ചു. തുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുവാദം തേടുകയായിരുന്നു.
മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപിയിലുള്ള സൈദ് വസീം റിസ്വി എന്നയാളാണ് നേരത്തേ ഹർജി നൽകിയത്. യുപിയിലെ ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനാണ് റിസ്വി. പിന്നീട് ഇയാൾ ഹിന്ദു മതം സ്വീകരിച്ചിരുന്നു. ഇയാൾ ഹർജിയിലൂടെ ചില പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നുവെന്ന് മുസ്ലിം ലീഗ് കോടതിയിൽ ഉന്നയിച്ചിരുന്നു. മുസ്ലിം ലീഗ്, എംഐഎം എന്നീ പാർട്ടികളെ മാത്രം കക്ഷിയാക്കാനാണ് ഹർജിക്കാരൻ ശ്രമിക്കുന്നത്. എന്തുകൊണ്ട് ശിവസേന, അകാലിദൾ തുടങ്ങിയ പാർട്ടികളെക്കൂടി കക്ഷികളാക്കുന്നില്ല എന്ന ചോദ്യം മുസ്ലിം ലീഗ് ഉന്നയിച്ചു.
ബിജെപി താമര ഉപയോഗിക്കുന്നുണ്ട്. താമര ഹിന്ദു ചിന്നമാണെന്ന വാദവും മുസ്ലിം ലീഗ് ഉന്നയിച്ചു. എംഐഎമ്മിന് വേണ്ടി ഹാജരായ കെ കെ വേണുഗോപാൽ സമാന ഹർജി ദില്ലി ഹൈക്കോടതിയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ ഹർജി പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ കൂടി വരുന്നത് ശരിയല്ല, സാങ്കേതികമായി ഹർജി നിലനിൽക്കില്ലെന്ന് കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി.
Read More : 'വി എസിന്‍റെ പ്രസ്താവനയാണ് യോഗി ആദിത്യനാഥ് അടക്കമുള്ളവർ ആയുധമാക്കുന്നത്'; സിപിഎം തിരുത്തണമെന്ന് പി കെ ഫിറോസ്