പൊരിവെയിലത്തും മഴയത്തും അലച്ചിൽ, 10 കി.മീ ദൂരം ഭക്ഷണമെത്തിച്ചാൽ വെറും 50 രൂപ!; സ്വി​ഗി തൊഴിലാളികൾ സമരത്തിന്

By Web TeamFirst Published Nov 13, 2022, 8:55 AM IST
Highlights

ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല.

കൊച്ചി: എറണാകുളം ജില്ലയിലെ സ്വി​ഗി വിതരണക്കാർ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം വേതന നിരക്ക് ഉയർത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ വീണ്ടും കമ്പനി തഴഞ്ഞ സാഹചര്യത്തിലാണ് സമരം. തിങ്കളാഴ്ച മുതലാണ് ലോഗൗട്ട് സമരം. പത്ത് കിലോമീറ്റർ ദൂരം ഭക്ഷണം എത്തിച്ച് മടങ്ങി വന്നാൽ 50 രൂപ മാത്രമാണ് ലഭിക്കുകയെന്നും തിരികെ വരുന്ന പത്ത് കിലോമീറ്റർ ദൂരം കൂടികണക്കിലെടുത്താൽ കിലോമീറ്ററിന് മൂന്ന് രൂപ പോലും കിട്ടാത്ത അവസ്ഥയാണെന്നും തൊഴിലാളികൾ പറയുന്നു. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് തിങ്കളാഴ്ച മുതൽ അനിശ്ചിതകാല ലോഗൗട്ട് സമരം പ്രഖ്യാപിച്ചത്. 

ഇന്നലെ സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വി​ഗി ഡെലിവറി അനുമതി കൊടുത്തതും സ്വി​ഗി വിതരണക്കാർക്ക് തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വി​ഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി ഇവർക്ക് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്. ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. 

സൊമാറ്റോയില്‍ നിന്നുള്ള അനുഭവം കമന്‍റ് ചെയ്ത് യുവതി; സംഭവം 'മുക്കാൻ ശ്രമം' എന്ന് ആരോപണം

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം ജീവനക്കാര്‍ക്ക് കുറഞ്ഞത് 500 രൂപയുടെ വരുമാനം ഉറപ്പാക്കുക തുടങ്ങിയ 30 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. 

നിലവിൽ ഒരു ഓർഡറിന് അഞ്ച് കിലോമീറ്ററിന് 25 രൂപയാണ് ഡെലിവറി പാർട്ണർമാർക്ക് സ്വിഗി നൽകുന്നത്. ഇത് നാലര വർഷം മുൻപ് നിശ്ചയിച്ച നിരക്കാണ്. എന്നാൽ ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.

tags
click me!