സിപിഎം സൊസൈറ്റിയിൽ വൻ ക്രമക്കേട്, 600ഓളം നിക്ഷേപകർ വഴിയാധാരം, ആത്മഹത്യ ഭീഷണിയുമായി നിക്ഷേപകൻ; ഏഷ്യാനെറ്റ് ന്യൂസ് പരമ്പര

Published : Sep 30, 2025, 09:15 AM IST
scam

Synopsis

സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്ക് പണം നല്‍കിയ അറുനൂറോളം നിക്ഷേപകരാണ് നിത്യ ചെലവിന് തന്നെ പണമില്ലാത്തെ കടുത്ത സാമ്പത്തിക പ്രയാസത്തിലും മാനസികവിഷമത്തിലും കഴിയുന്നത്.

വയനാട്: സിപിഎം വയനാട് ജില്ല കമ്മിറ്റി ഓഫീസില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും നേതാക്കള്‍ക്കും കത്ത് അയച്ച് സിപിഎം പ്രവർത്തകൻ. ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ 14 ലക്ഷം നിക്ഷേപിച്ച് കടത്തിലായ വയനാട് സ്വദേശി നൗഷാദിന്‍റെതാണ് ആത്മഹത്യ ഭീഷണി. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിക്ക് പണം നല്‍കിയ അറുനൂറോളം നിക്ഷേപകരാണ് നിത്യ ചെലവിന് തന്നെ പണമില്ലാത്തെ കടുത്ത സാമ്പത്തിക പ്രയാസത്തിലും മാനസികവിഷമത്തിലും കഴിയുന്നത്.

സംസ്ഥാന ക്ഷീരവകുപ്പിന്‍റെ സഹകരണത്തോടെ പ്രവർത്തിച്ചിരുന്ന ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് മാംസ സംസ്കരണ ഫാക്ടറി ഉള്‍പ്പെടെയുള്ള വിപുലപമായ പല പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരിയില്‍ 70 കോടിയോളം രൂപയാണ് 600 ആളുകളില്‍ നിന്നായി നേതാക്കള്‍ പിരിച്ചെടുത്തിരുന്നത്. എന്നാല്‍ പതിയെ താളം തെറ്റിയ പ്രവർത്തനങ്ങള്‍ വൻ തകർച്ചയിലാണ് കലാശിച്ചത്. ഇതോടെ പണം നിക്ഷേപിച്ചവരൊക്കെയും വഴിയാധാരമായി.

വലിയ പ്രതീക്ഷകളോടെ നിക്ഷേപം നടത്തിയ കുടുംബങ്ങളും ഒരു ആയുഷ്കാലം മുഴുവൻ സമ്പാദിച്ചത് നിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥരും അടക്കം വൻ കടക്കെണിയില്‍ വീണു. അങ്ങനെ വല്ലാത്ത ദുരിതത്തില്‍ ആയി പോയ പാർട്ടി പ്രവർത്തകനായ നൗഷാദ് ആണ് വയനാട് എകെജി സെന്‍ററില്‍ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറിക്കും ഉള്‍പ്പെടെ കത്ത് എഴുതിയിരിക്കുന്നത്. സർക്കാർ ഗ്യാരണ്ടിയുണ്ടെന്നും പാർട്ടിയുടെ പരിപൂര്‍‌ണ പിന്തുണയുണ്ടെന്നുമുള്ള സിപിഎം നേതാക്കളുടെ സമ്മർദ്ദത്തിന് വഴങ്ങി 14 ലക്ഷം രൂപയാണ് നൗഷാദിന് നിക്ഷേപം നടത്തേണ്ടി വന്നത്.

വലിയ നിക്ഷേപം വന്ന 2013ന് ശേഷം തന്നെ ബ്രഹ്മഗിരി തകർച്ചയിലേക്ക് പോകുകയായിരുന്നു. 2022 ഓടെ ബ്രഹ്മഗിരി പൂര്‍ണമായും തകർന്നു. കമ്പനിയുടെ പ്രധാന പ്രവർത്തനമേഖലയായ മാംസ സംസ്കരണ ഫാക്ടറി പൂട്ടി. കമ്പനിയുടെ തകർച്ചക്ക് കാരണം പ്രവർത്തനത്തിലെ പാളിച്ചയാണെന്ന് നേതാക്കള്‍ പ്രചരിപ്പിച്ചെങ്കിലും വൻ ക്രമക്കേടുകള്‍ കൂടി നടന്നതാണ് തകർച്ചയിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. വ്യാപക ക്രമക്കേടുകൾ നടന്നിരുന്നുവെന്നും അതില്‍ രേഖമൂലം പരാതി നല്‍കിയിട്ടുണ്ടെന്നും ബ്രഹ്മഗിരിയിലെ ജീവനക്കാരൻ കൂടിയായ നൗഷാദ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. പലരെയും പോലെ നൗഷാദും പണം തരാൻ പല തവണ ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കപ്പെട്ടില്ല. ബ്രഹ്മഗിരിയിലെ വഞ്ചനയില്‍ പണമില്ലാതായതോടെ ഒരു സുഹൃത്തിന് കൊടുത്ത ചെക്ക് മടങ്ങിയതിനെ തുടർന്ന് നൗഷാദിനെ ജയിലില്‍ വാസം വരെ അനുഭവിക്കേണ്ടി വന്നു.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം