caste discrimination| 'കോളനിയാക്കേണ്ട'; പട്ടികജാതി കുടുംബത്തെ വീട് പണിയാന്‍ അനുവദിക്കാതെ അയല്‍വാസികള്‍

By Web TeamFirst Published Nov 10, 2021, 11:02 AM IST
Highlights

പട്ടികജാതി കോളനിയാക്കാന്‍ സമ്മതിക്കില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നതെന്നും ചിത്ര പറഞ്ഞു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ പറയുന്നു.
 

ആലപ്പുഴ: സർക്കാർ സഹായം കിട്ടിയിട്ടും വീടുവെക്കാൻ കഴിയാതെ ആലപ്പുഴ (alappuzha) തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ഒരു പട്ടികജാതി (scheduled caste) കുടുംബം. പഞ്ചായത്ത് റോഡുവഴി സാധനസാമാഗ്രികകൾ കൊണ്ടുപോകുന്നത് അയൽവാസികൾ തടയുന്നുവെന്നാണ് പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന മറ്റൊരു കുടുംബവും പ്രദേശത്ത് സ്ഥലം വാങ്ങിയിരുന്നു. തന്‍റെയും ഈ കുടുംബത്തിന്‍റെയും സാധനങ്ങള്‍ കൊണ്ടുപോകുന്നത് മാത്രമാണ് തടയുന്നത്. പട്ടികജാതി കോളനിയാക്കാന്‍ സമ്മതിക്കില്ലെന്നാണ് അയല്‍വാസികള്‍ പറയുന്നതെന്നും ചിത്ര പറഞ്ഞു. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഇവർ പറയുന്നു.

ചിത്രയും കുടുംബവും കഴിഞ്ഞ 14 വർഷമായി വാടകവീടുകളിലായിരുന്നു താമസം. പട്ടികജാതി പുനരധിവാസ പാക്കേജിലൂടെ കഴിഞ്ഞ വർഷമാണ് വീടുവെക്കാൻ ചിത്രയ്ക്കും കുടുംബത്തിനും അഞ്ചുസെന്റ് സ്ഥലം കിട്ടിയത്. ലൈഫ് പദ്ധതി വഴി നാലുലക്ഷം രൂപ വീട് വയ്ക്കാനും സർക്കാർ അനുവദിച്ചു. എന്നാൽ സഹായം കിട്ടി എട്ടുമാസം പിന്നിട്ടിട്ടും തറക്കല്ല് പോലും ഇടാൻ കഴിഞ്ഞിട്ടില്ല. പക്ഷാഘാതം വന്ന് തളർന്നുകിടപ്പിലായ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം ഷീറ്റുപയോഗിച്ച് നിർമിച്ച ഷെഡിലാണ് ഇപ്പോൾ ചിത്ര താമസിക്കുന്നത്. മഴ പെയ്താൽ  താമസം ദുഷ്കരമാകും. വിഷയത്തിൽ മുഖ്യമന്ത്രിക്കും, ഡിജിപിക്കും ചിത്ര പരാതി നൽകി. അനുകൂല നടപടിയില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.

click me!