
കോഴിക്കോട്: ഓണാഘോഷത്തിന് സാരിയും മുണ്ടും വിലക്കി കോഴിക്കോട്ടെ സ്വകാര്യ സ്കൂള്‍. അല്‍-ഫാറൂഖ് റസിഡന്‍ഷ്യല്‍ സീനിയര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് മുണ്ടും സാരിയും ഓണാഘോഷത്തിന് ഉപയോഗിക്കരുതെന്ന ഉത്തരവ് ഇറക്കിയത്. കേരള വേഷം ധരിച്ചത്തിയ വിദ്യാര്‍ത്ഥികളെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സ്കൂള്‍ അധികൃതര്‍ അനുവദിക്കുകയും ചെയ്തില്ല.
ദിവസങ്ങള്‍ക്ക് മുന്നേ തന്നെ ഓണാഘോഷത്തിന് ഒരുങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ ആഘോഷമാണ് സ്കൂള്‍ അധികൃതരുടെ ഉത്തരവിലൂടെ തടസ്സപ്പെട്ടത്. സാരിയും മുണ്ടുമെല്ലാം കുട്ടികള്‍ ഒരുക്കി. ഇതനുസരിച്ച് ഡ്രസ് കോഡും റെഡിയായിരുന്നു. സാരിയും മുണ്ടും വിലക്കി ഇന്ന് പുലര്‍ച്ചെ 1.38നാണ് പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കുന്നത്. ഇതോടെ കുട്ടികള്‍ നിരാശയിലായി. ചിലര്‍ സാരിയും മുണ്ടും ധരിച്ച് സ്കൂളിലെത്തിയെങ്കിലും ഓണാഘോഷ വേദിയിലേക്കുള്ള പ്രവേശനം സ്കൂള്‍ അധികൃതര്‍ വിലക്കി.
ഓണാഘോഷത്തിനായി ഓരോ വിദ്യാര്‍ത്ഥികളും വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ട് വരണമെന്ന് സ്കൂള്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം വിഭവങ്ങള്‍ ഉണ്ടാക്കി വന്നവര്‍ക്ക് അതും ഉപയോഗിക്കാനായില്ല. പ്രതിഷേധം കടുത്തതോടെ ഒടുവില്‍ പതിനൊന്നര മണിയോടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി. എന്നാല്‍ ഇതിനകം ഓണാഘോഷം പകുതി പിന്നിട്ടിരുന്നു. മുന്‍ വര്‍ഷങ്ങളിലൊന്നും സ്കൂളില്‍ ഇത്തരമൊരു നിരോധനം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ച നടന്ന പിടിഎ മീറ്റിങ്ങിൽ പോലും ഇത്തരമൊരു നിര്‍ദേശം ഉണ്ടായിരുന്നുമില്ല. പ്രിന്‍സിപ്പാളിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam