
തൃശൂര്‍: കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം കൗമാര കലാമേളയ്ക്കായി ഒരുങ്ങി കഴിഞ്ഞു. പതിനാലാം തീയതി രാവിലെ തൃശൂര്‍ തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. അഞ്ചുദിവസം നീണ്ടുനിൽക്കുന്ന കലാമാമാങ്കത്തിനുശേഷം ജനുവരി 18ന് നടക്കുന്ന സമാപനച്ചടങ്ങിൽ ചലച്ചിത്രതാരം മോഹൻലാൽ മുഖ്യാതിഥിയായി എത്തും. പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്. ഒന്നാം വേദിക്ക് സൂര്യകാന്തിയെന്നും രണ്ടാം വേദിക്ക് പാരിജാതമെന്നും മൂന്നാം വേദിക്ക് നീലക്കുറിഞ്ഞിയെന്നുമാണ് പേരുകള്‍. കലാപ്രതിഭകൾക്ക് ആതിഥ്യമരുളാൻ തിരക്കിട്ട ഒരുക്കത്തിലാണ് സാംസ്കാരിക തലസ്ഥാനം. നഗരത്തിലും സമീപപ്രദേശങ്ങളിലും ആയി 25 വേദികളിലാണ് മത്സരങ്ങൾ നടക്കുക. അഞ്ചു ദിവസങ്ങളിലായി 239 ഇനങ്ങളിൽ പ്രതിഭകൾ മാറ്റുരയ്ക്കും.
ഹയര്‍സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടവും ഹൈസ്കൂള്‍ വിഭാഗം സംഘനൃത്തവും ഉദ്ഘാടന സമ്മേളനത്തിനുശേഷം ഒന്നാം വേദിയായ സൂര്യകാന്തിയിൽ നടക്കും. നാലാം വേദിയിൽ നടക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രിയും, 15ാം വേദിയിൽ നടക്കുന്ന മാപ്പിളപ്പാട്ടും ഒക്കെയാണ് ആദ്യ ദിനത്തിലെ പ്രധാന ഹൈലൈറ്റുകൾ. ആസ്വാദകരുടെ പ്രിയ ഇനങ്ങളായ നാടകം രണ്ടാം ദിവസം വേദി പതിനൊന്നിലും മാർഗംകളി വേദി 14ലും നടക്കും. മൂന്നാം ദിനം വേദി 14ൽ മോണോ ആക്ടും നാലാം ദിനം വേദി 11ൽ എച്ച്എസ്എസ് നാടകവും നടക്കും. അഞ്ചാം ദിനം വേദി ഒന്നിലാണ് നാടോടി നൃത്തം അരങ്ങേറുക. മന്ത്രിമാരായ വി ശിവൻകുട്ടി, കെ രാജൻ, ആർ ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ വിവിധ അവലോകനയോഗങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. കലോത്സവത്തിൽ പങ്കെടുക്കാൻ ആയത്തുന്നവർക്കായി 13ന് രാത്രി മുതൽ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പാലിച്ച് കലോത്സവം സംഘടിപ്പിക്കുന്നതിനായി ആയിരം ഗ്രീൻ വോളണ്ടിയർമാരെയും നിയോഗിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam