
തൃശ്ശൂര്‍: കോൺഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂരിൽ പാർട്ടിക്ക് വഴങ്ങി വിമത അംഗങ്ങൾ. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂർജഹാൻ നവാസ് സ്ഥാനം രാജിവെച്ചു. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറിയുടെ മുന്നിലാണ് നൂർജഹാൻ നവാസ് രാജി സമർപ്പിച്ചത്. നൂർജഹാൻ നവാസ് കൈപ്പത്തി ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. അതേസമയം, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ടെസി ജോസ് സ്വതന്ത്ര ആയതിനാൽ, രാജിയുടെ കാര്യത്തിൽ തീരുമാനം അറിയില്ലെന്നും വിമതർ കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം ജോൺ എംഎൽഎമായുള്ള ചർച്ചയിലൂടെയാണ് മറ്റത്തൂരിൽ സമവായത്തിന് വഴിയൊരുങ്ങിയത്.
മറ്റത്തൂരിലെ കൂറുമാറിയ 9 മെമ്പർമാരോടും പ്രാദേശിക നേതൃത്വത്തോടും കോൺഗ്രസ് ജില്ലാ നേതൃത്വം നിലപാട് കടുപ്പിച്ചതോടെയാണ് രാജി. കെപിസിസി നിർദ്ദേശം ലംഘിച്ചാണ് ബിജെപിയുടെ പിന്തുണയോടെയാണ് കോൺഗ്രസ് മെമ്പർമാർ ഭരണം പിടിച്ചത്. പ്രസിഡന്റ് ടെസ്സിയെയും പാർട്ടി തിരിച്ചെടുത്തതാണ്. അതുകൊണ്ടു തന്നെ ടെസ്സിയുടെയും വൈസ് പ്രസിഡന്റ് നൂർ ജഹാന്റെയും രാജി ഉടനെ വേണമെന്നാണ് കോൺഗ്രസ് നിർദ്ദേശിച്ചിരുന്നത്. കൂറുമാറിയവർക്കെതിരെ ഡിസിസി എടുത്ത സസ്പെൻഷൻ പിൻവലിച്ചാൽ രാജി ആലോചിക്കാമെന്നായിരുന്നു നടപടി നേരിട്ടവർ വാദിച്ചത്. എന്നാല്‍ ഈ ആവശ്യം ഇത് ഡിസിസി തള്ളി. ആദ്യം രാജി, സംഘടനാ നടപടി പിൻവലിക്കുന്നത് പിന്നീട് എന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.
മറ്റത്തൂര്‍ പഞ്ചായത്തില്‍ എട്ട് പേരാണ് കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചത്. രണ്ട് പേര്‍ കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിക്കുകയും ചെയ്തു. ഇടത് മുന്നണിക്ക് പത്ത് സീറ്റാണ് പഞ്ചായത്തില്‍ ലഭിച്ചത്. ബിജെപി നാല് സീറ്റും ലഭിച്ചു. പത്തേ, പത്തേ എന്ന തുല്യ നിലയില്‍ വോട്ട് വന്നാല്‍ നറുക്കെടുപ്പിലൂടെ ഭരണം തീരുമാനിക്കുമെന്ന് കരുതിയിടത്തുണ്ടായ അട്ടിമറിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കരുതിയ വിമതർ കെ ആര്‍ ഔസേപ്പിനെ സിപിഎം റാഞ്ചിയതിന്‍റെ പ്രതികാരമായിട്ടായിരുന്നു ബിജെപി പിന്തുണയില്‍ ഭരണം പിടിച്ചതെന്ന് കൂറുമാറിയവര്‍ വിശദീകരിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam