
കോഴിക്കോട്: 61 -ാമത് സ്കൂൾ കലോത്സവം വാശിയേറിയ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. രാവിലെ 9 മണി മുതൽ വേദികളുണർന്ന് തുടങ്ങും. രണ്ടാം ദിവസമായ ഇന്നാണ് നാടോടി നൃത്തവും നാടകവും ഹയർസെക്കണ്ടറി വിഭാഗം മിമിക്രിയും ഉൾപ്പെടെയുള്ള ജനപ്രിയ കലാരൂപങ്ങളാണ് വേദിയിലെത്തുന്നത്. ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായി ഫലമെത്തിയപ്പോൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കണ്ണൂർ ജില്ലയാണ്. രണ്ടാം സ്ഥാനത്ത് കോഴിക്കോട്. മൂന്നാം സ്ഥാനം കൊല്ലത്തിനാണ്. നിലവിലെ ചാമ്പ്യൻമാരായ പാലക്കാടിന് ഒന്നാം ദിനം പൂര്‍ത്തിയാകുമ്പോള്‍ നാലാം സ്ഥാനം മാത്രമേയുള്ളൂ. കോഴിക്കോടും കണ്ണൂരും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യദിനത്തിൽ 60 മത്സരങ്ങൾ പൂർത്തിയായ സാഹചര്യത്തിലാണ് ഈ പോയിന്‍റ് നില.
രണ്ടാം ദിനമായ ഇന്ന് രാവിലെ ഒമ്പത് മണിയോടെ മത്സരങ്ങൾ ആരംഭിക്കും. സ്റ്റേജ് മത്സരങ്ങളും സ്റ്റേജിതര മത്സരങ്ങളും ഇന്ന് ഉണ്ടായിരിക്കും. പ്രധാന വേദിയായ അതിരാണിപ്പാടത്ത് രാവിലെ ആരംഭിക്കുന്ന ആൺകുട്ടികളുടെ നാടോടി നൃത്തത്തോടെയാണ് മത്സരം ആരംഭിക്കുക. ജനപ്രിയ ഇനങ്ങൾ നടക്കുന്നതും ഇന്നാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഒപ്പന മത്സരവും ഇന്നുണ്ടാകും.
കോൽക്കളി മത്സരത്തിനിടെയുണ്ടായ അപകടം ആദ്യ ദിനത്തിൽ കലോത്സവ വേദിയുടെ തിളക്കം കുറച്ചു. വേദിയിലെ കാര്‍പ്പെറ്റിനെ കുറിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും പരാതി പറഞ്ഞെങ്കിലും അധികൃതര്‍ കാര്‍പ്പെറ്റ് മാറ്റാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടന്ന ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരത്തിനിടെ മത്സരാർത്ഥികളിലൊരാൾക്ക് വേദിയിൽ വീണ് പരിക്ക് പറ്റി. വേദിയിലുണ്ടായിരുന്ന കാര്‍പ്പെറ്റില്‍ മത്സരത്തിനിടെ തട്ടിത്തടഞ്ഞാണ് കുട്ടി വീണത്. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അധ്യാപകരും രക്ഷിതാക്കളും സംഭവത്തിൽ പ്രതിഷേധമറിയിച്ച് രംഗത്തെത്തി. വേദിയിലെ കാർപെറ്റ് മാറ്റണമെന്ന് ഇവര്‍ ആവശ്യമുന്നയിച്ചു. പ്രതിഷേധത്തെ തുടർന്ന് മത്സരം നിർത്തിവെച്ചു. തുടര്‍ന്ന് വേദിയിലെ കാർപെറ്റ് മാറ്റിയ ശേഷമാണ് മത്സരം ആരംഭിച്ചത്.
പൂർവ്വാധികം വാശിയോടെയും ഊർജ്ജത്തോടെയുമായിരിക്കും കലോത്സവം രണ്ടാം ദിനം ആരംഭിക്കുക. ഗ്രൂപ്പ് മത്സരങ്ങൾ ഇന്നാണ് നടക്കുക. ആരായിരിക്കും സ്വർണ്ണക്കപ്പ് ജേതാക്കൾ എന്ന് തീരുമാനിക്കുന്നതിൽ ഇന്നത്തെ മത്സരങ്ങൾ നിർണായക പങ്ക് വഹിക്കും. അതുപോലെ ഇന്ന് നടക്കുന്ന 60 ഇനങ്ങൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകുന്നുണ്ട്. രാത്രി പത്ത് മണിക്കുള്ളിൽ തന്നെ എല്ലാ ഇനങ്ങളും അവസാനിപ്പിക്കുക എന്നാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കണ്ണൂരും കോഴിക്കോടും കൊല്ലവും പാലക്കാടും നേരിയ പോയിന്‍റിന്‍റെ വ്യത്യാസത്തിലാണ് ഒന്ന് മുതൽ നാല് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഇന്നത്തെ പോയിന്‍റ് നില കൂടി പുറത്ത് വരുമ്പോൾ ഒരുപക്ഷേ ഈ സ്ഥാനങ്ങൾക്ക് മാറ്റം സംഭവിച്ചേക്കാം. അതിനാൽ തന്നെ പോയിന്‍റ് നില ഉയർത്താനുള്ള വാശിയേറിയ പോരാട്ടമായിരിക്കും രണ്ടാം ദിനം.
കലോത്സവ വേദിയിൽ തെന്നിവീണ് വിദ്യാർത്ഥിക്ക് പരിക്ക്; കോൽക്കളി വേദിയിൽ പ്രതിഷേധം, മത്സരം നിർത്തിവെച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam