Latest Videos

അവധിക്കാലത്തിന് വിട, സംസ്ഥാനത്ത് സ്‍കൂളുകള്‍ തുറന്നു; ഒന്നാം ക്ലാസിലേക്ക് എത്തുന്നത് 3 ലക്ഷത്തോളം കുരുന്നുകൾ

By Web TeamFirst Published Jun 1, 2023, 10:25 AM IST
Highlights

പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുക്കിരിക്കുന്നത്.

തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തുറന്നു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലവും വ്യത്യസ്തവുമായ നിരവധി പരിപാടികളാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഒരുക്കിരിക്കുന്നത്. തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ മാറ്റം പ്രകടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാതലങ്ങളില്‍ മന്ത്രിമാരും എംഎല്‍എമാരും എംപിമാരുമാണ് ഉദ്ഘാടകര്‍. പ്രവേശനോത്സവ ഗാനത്തിന്‍റെ വീഡിയോ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി റിലീസ് ചെയ്തു. സർക്കാർ, എയിഡഡ് വിഭാഗങ്ങളിലായി സംസ്ഥാനത്ത് ആരെ പതിമൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് സ്കൂളുകളാണ് ഉള്ളത്. അൺ എയിഡഡ് സ്കൂളുകളിലും പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. ഒന്നാം ക്ലാസിലേക്ക് മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ഈ വര്‍ഷം എത്തുന്നത്.

Also Read: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കത്തിനിടെ കെഎസ് യു- എസ്എഫ്ഐ സംഘർഷം

സ്കൂളുകളുടെ ഭൗതിക സാഹചര്യം ഏറെ മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് വർഷം കൊണ്ട് 15 ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്‍റെ ഭാഗമായി. പാഠപുസ്തകങ്ങളുടെ ഫോട്ടോകോപ്പികൾ എടുത്ത് പഠിക്കേണ്ട അവസ്ഥ കേരളത്തിൽ ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറിയെന്നും ക്ലാസ് മുറികൾ സ്മാർട്ട് ആയതിനാൽ ഓൺലൈൻ ക്ലാസുകൾക്ക് വലിയ പ്രയാസം ഉണ്ടായില്ലെന്നും പിണറായി വിജയൻ പറഞ്ഞു. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read:  'ചോദ്യങ്ങള്‍ ചോദിച്ചും ഉത്തരങ്ങള്‍ കണ്ടെത്തിയും മുന്നോട്ടു പോവുക'; വിദ്യാർഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ആശംസ

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം 

click me!