
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റുന്നത് ഏകപക്ഷീയമായി അടിച്ചേല്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. മഴക്കാലത്ത് മലയോര പ്രദേശത്തും, തീരദേശത്തുമുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ ബുദ്ധിമുട്ടാണ്. വിഷയത്തില്‍ ഗുണ-ദോഷങ്ങള്‍ ചര്‍ച്ച ചെയ്തു. പൊതുജനാഭിപ്രായം മുഖ്യമന്ത്രിയുമായി അറിയിച്ച് ചർച്ച ചെയ്യുമെന്ന് വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ നമസ്തേ കേരളത്തിൽ പറഞ്ഞു. നിർദ്ദേശം നല്ല ചുവട് വെപ്പാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഒറ്റയടിക്ക് തീരുമാനമെടുക്കരുതെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ പതിറ്റാണ്ടുകളായി ഏപ്രിൽ- മെയ് മാസങ്ങളിലാണ് മധ്യവേനലവധി. ജൂണിൽ പുതിയ അധ്യയന വർഷം തുടങ്ങും. വേനലവധി എന്ന പേരിലുള്ള അവധിക്കാലം മാറ്റാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശത്തിൽ വലിയ ചർച്ചയാണ് നടക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് അവധിക്കായുള്ള കാത്തിരിപ്പ് ഒഴിവാക്കാനും കുട്ടികൾക്കുള്ള അപകട ഭീഷണി മാറ്റാനുമാണ് മന്ത്രിയുടെ ബദൽ നിർദ്ദേശം. അവധിമാറ്റത്തോട് സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികൾക്കിടയിലുള്ളത്. എന്നാല്‍ നിര്‍ദേശം ശുദ്ധവിഡ്ഢിത്തരമെന്നായിരുന്നു കോൺഗ്രസ് അധ്യാപക സംഘടനയുടെ പ്രതികരണം.
വിദ്യാഭ്യാസ മേഖലയിലെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മന്ത്രി മനസ്സിൽ തോന്നുന്നത് പറയുന്നുവെന്ന് കോൺഗ്രസ് അധ്യാപക സംഘടന കെപിഎസ് ടി എ വിമർശിക്കുന്നു. കേരളത്തിൻ്റെ ഭൂ പ്രകൃതിയും കാലാവസ്ഥാ വ്യതിയാനവും കണക്കിലെടുത്തുള്ള അക്കാദമിക് കലണ്ടർ മാറ്റാൻ അനുവദിക്കില്ലെന്നാണ് നിലപാട്. എല്ലാം ചർച്ച ചെയ്യാമെന്നാണ് മന്ത്രിയുടെ നിലപാട്. പ്രതിപക്ഷ അധ്യാപക സംഘടനകൾ കടുത്ത എതിർപ്പ് ഉയർത്തുമ്പോൾ ചർച്ചയാകാമെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറയുന്നത്.
ഏപ്രിൽ-മെയ് മാസങ്ങളിലെ കൊടും ചൂടാണ് എതിർക്കുന്നവർ പ്രധാനമായും ഉന്നയിക്കുന്നത്. 40 ഡിഗ്രി വരെ എത്തുന്ന ചൂടിൽ ക്ലാസ് വേണോ എന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം. നീറ്റ് അടക്കമുള്ള പ്രധാന ദേശീയ പ്രവേശ പരീക്ഷകൾ ഏപ്രിൽ- മെയ് മാസങ്ങളിലുള്ളത് മറ്റൊരു പ്രശ്നം. ജൂണിൽ പുതിയ അക്കാഡമിക് വർഷം ദേശീയ തലത്തിൽ തുടങ്ങുന്നുണ്ട്. സിയുഇടി കോഴ്സുകളിലേക്ക് അടക്കം ഈ കാലയളവിലാണ് പ്രവേശനം. ദേശീയ തലത്തിലെ അക്കാഡമിക് ടൈം ടേബിളിന് വിരുദ്ധമായി കേരളം അവധി മാറ്റിയാൽ ഇവിടെ നിന്നുള്ള വിദ്യാർത്ഥികളുടെ ഉപരിപഠനത്തെ ബാധിച്ചേക്കാം. ആദ്യം അധ്യാപക സംഘടനകളുമായി സർക്കാർ ചർച്ച നടത്തും. പിന്നീട് വിദ്യാർത്ഥി സംഘടനകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ ശേഷമാകും മാറ്റം വേണോ എന്നതിൽ അന്തിമ തീരുമാനമെടുക്കുക എന്ന് മന്ത്രി വ്യക്തമാക്കുന്നു.