
കോഴിക്കോട്: സ്കൂള്‍ അവധി കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയം പരിശോധിക്കാനായി നിയോഗിച്ച സമിതി എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം കേള്‍ക്കുമെന്നും കോഴിക്കോട് കാരന്തൂര്‍ മര്‍ക്കസില്‍ നടന്ന പരിപാടിയില്‍ മന്ത്രി വ്യക്തമാക്കി. സ്കൂള്‍ അവധിക്ക് കടുത്ത ചൂടുള്ള മെയ് മാസവും കൂടുതല്‍ മഴയുള്ള ജൂണ്‍ മാസവും പരിഗണിക്കാമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാർ മന്ത്രിക്ക് മുന്നില്‍ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്തു.
മഴ മൂലം ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഏറെ പ്രവൃത്തി ദിനങ്ങള്‍ നഷ്ടമാകുന്ന സാഹചര്യത്തില്‍ മധ്യവേനല്‍ അവധി മഴക്കാല അവധിയാക്കുന്നതു സംബന്ധിച്ച ആലോചന വിദ്യാഭ്യാസ മന്ത്രി തന്നെയായിരുന്നു തുടങ്ങിവെച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി അഭിപ്രായങ്ങളും ഉയര്‍ന്നു. ഇതോടെയാണ് ഇക്കാര്യം വിശദമായി പരിശോധിക്കാനായി ഒരു സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം ഉള്‍ക്കൊണ്ടായിരിക്കും തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സ്കൂള്‍ സമയ മാറ്റ കാര്യത്തില്‍ ഇരു വിഭാഗം സമസ്തയുടെയും എതിര്‍പ്പ് മറികടന്ന് സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ശേഷം ആദ്യമായാണ് വിദ്യാഭ്യാസ മന്ത്രി കാരന്തൂര്‍ മര്‍ക്കസിലെത്തിയത്. സമയമാറ്റ വിഷത്തില്‍ ഇ കെ വിഭാഗം സമസ്ത ഇപ്പോഴും പ്രതിഷേധത്തിലുമാണ്. നേമത്ത് ബിജെപിയെ തോല്‍പ്പിച്ച താന്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നയാളാണെന്ന് വ്യക്തമാക്കിയ ശിവന്‍കുട്ടി എയ്ഡഡ് അണ്‍ എയ്ഡഡ് മേഖലകളോട് തനിക്ക് തുല്യ സ്നേഹമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, സമയമാറ്റ കാര്യത്തില്‍ മന്ത്രി ചടങ്ങില്‍ പ്രതികരണം നടത്തിയതുമില്ല.
സ്കൂള്‍ സമയമാറ്റത്തില്‍ നേരത്തെ എതിര്‍പ്പുയര്‍ത്തിയ കാന്തപുരം അവധിമാറ്റ വിഷയത്തില്‍ കാന്തപുരം മന്ത്രിക്ക് മുന്നില്‍ തന്‍റെ നിര്‍ദ്ദേശം വയ്ക്കുകയും ചെയ്തു. ചൂട് കൂടിയ മെയ് മാസവും, മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് അവധി നൽകാമെന്നും വർഷത്തിൽ നടക്കുന്ന മൂന്ന് പരീക്ഷകൾ, രണ്ട് പരീക്ഷയാക്കി ചുരുക്കാമെന്നുമായിരുന്നു കാന്തപുരത്തിന്റെ നിര്‍ദേശം. അതേസമയം മതസംഘടനകളുടെ എതിര്‍പ്പ് മറികടന്ന് സകൂള്‍ സമയമാറ്റം നടപ്പാക്കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കൂടുതല്‍ പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് ഇകെ വിഭാഗം സമസ്തയുടെ തീരുമാനം.അടുത്ത മുഷാവറ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam