
തിരുവനന്തപുരം: വിദ്യാലയങ്ങൾ അക്ഷരങ്ങൾ പഠിക്കാൻ മാത്രമുള്ള ഇടങ്ങളല്ലെന്നും മറിച്ച് സഹവർത്തിത്വം പഠിക്കാനുള്ള ഇടങ്ങൾ കൂടിയാണെന്നും, അവിടെ ഓണവും ക്രിസ്മസും പെരുന്നാളും ഒരേ മനസ്സോടെ ആഘോഷിക്കപ്പെടണമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ക്രിസ്മസ് അവധി റദ്ദാക്കിയും, 'സദ്ഭരണ ദിനം' എന്ന പേരിൽ അവധി ദിനത്തെ പ്രവൃത്തി ദിനമാക്കി മാറ്റിയും ജനങ്ങളുടെ ആഘോഷിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന പ്രവണതകൾ വർദ്ധിച്ചുവരികയാണ്. ഇന്ത്യയുടെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കുന്ന ഇത്തരം നീക്കങ്ങൾ ഖേദകരമാണെന്ന് മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി സ്കൂളിൽ നടന്ന ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലും ചില വിദ്യാലയങ്ങൾ ക്രിസ്മസ് ആഘോഷങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇത്തരം സങ്കുചിത മനോഭാവങ്ങളെ വച്ചുപൊറുപ്പിക്കാൻ സർക്കാർ തയ്യാറല്ല. ആഘോഷങ്ങൾ ഒഴിവാക്കിയ സംഭവത്തിൽ സർക്കാർ സ്വീകരിച്ച ശക്തമായ നിലപാടിനെത്തുടർന്ന് അവർക്ക് ആഘോഷങ്ങൾ നടത്തേണ്ടി വന്നത് സംസ്ഥാനത്തിന്റെ മതേതരത്വത്തിന്റെ വിജയമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അസഹിഷ്ണുതയുടെ വാർത്തകൾക്കിടയിലും സ്നേഹത്തിന്റെ വിളക്ക് തെളിക്കാൻ നമ്മുടെ സ്കൂളുകൾക്ക് കഴിയണം. ചുറ്റുമുള്ളവരെ സ്നേഹിക്കാനും അവരുടെ വിശപ്പും പ്രയാസവും തിരിച്ചറിയാനും കഴിയുന്നവരാണ് യഥാർത്ഥ വിദ്യാർത്ഥികളെന്നും മന്ത്രി കുട്ടികളെ ഓർമ്മിപ്പിച്ചു. വരാനിരിക്കുന്ന പുതുവർഷം പ്രതീക്ഷയുടേതാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. സ്കൂൾ അധികൃതർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam