ഷിബുവിന്റെ ഹൃദയം ഒരു അനാഥയായ നേപ്പാളി പെൺകുട്ടിക്ക് ലഭിച്ചതോടെ രാജ്യം സാക്ഷ്യം വഹിച്ചത് ചരിത്രപരമായ മറ്റൊരു നേട്ടത്തിനുകൂടിയാണ്; രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ  ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു.

തിരുവനന്തപുരം: സ്വന്തം മകന്റെ വേർപാടിൽ തകർന്നു നിൽക്കുമ്പോഴും, മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ ഒരു അമ്മയെടുത്ത തീരുമാനം മാനവികതയുടെ ഉദാത്തമായ മാതൃകയാവുകയാണ്. കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46) അപ്രതീക്ഷിത വിയോഗം ഒരു കുടുംബത്തെയാകെ തീരാദുഃഖത്തിലാഴ്ത്തിയെങ്കിലും, അർബുദ രോഗിയായ ഒരമ്മ, തന്റെ അത്താണിയായ ഏക ആശ്വാസവുമായ മകൻ നഷ്ടപ്പെട്ട നിമിഷത്തിലും എടുത്ത ധീരമായ തീരുമാനമാണ് ഏഴുപേർക്ക് ജീവിതത്തിലേക്കുള്ള മടക്കയാത്രയായത്. ഡിസംബർ 14-ന് വൈകീട്ട് 6.30ന് കൊല്ലം ജില്ലയിലെ മൂക്കാട്ടുക്കുന്നിൽ സംഭവിച്ച വാഹനാപകടത്തെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷിബുവിന് മസ്തിഷ്ക മരണം സംഭവിച്ചത്.

ആ സങ്കടക്കടലിലും അമ്മ ശകുന്തളയും മകൾ എസ് ഷിജിയും മരുമകൻ എസ് സലീവും ചിന്തിച്ചത് മറ്റുള്ളവരുടെ ജീവനെക്കുറിച്ചായിരുന്നു. ഷിബുവിന്റെ ഹൃദയം ഒരു അനാഥയായ നേപ്പാളി പെൺകുട്ടിക്ക് ലഭിച്ചതോടെ രാജ്യം സാക്ഷ്യം വഹിച്ചത് ചരിത്രപരമായ മറ്റൊരു നേട്ടത്തിനുകൂടിയാണ്; രാജ്യത്ത് ആദ്യമായി ഒരു സർക്കാർ ജനറൽ ആശുപത്രിയിൽ (എറണാകുളം ജനറൽ ആശുപത്രി) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഷിബുവിന്റെ രണ്ട് വൃക്കകൾ, കരൾ, ഹൃദയം, രണ്ട് നേത്രപടലങ്ങൾ, ചർമ്മം എന്നിങ്ങനെ ഏഴ് അവയവങ്ങളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിഞ്ഞിരുന്നവർക്ക് പുതുജീവൻ നൽകിയത്. ഈ മഹത്തായ ത്യാഗത്തെ ആദരിച്ചുകൊണ്ട് ആരോഗ്യവകുപ്പിന്റെയും കെ-സോട്ടോയുടെയും നേതൃത്വത്തിൽ ഷിബുവിനും കുടുംബത്തിനും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് പ്രത്യേക ആദരവ് നൽകി. ചടങ്ങിൽ ആരോഗ്യ മന്ത്രിക്ക് വേണ്ടി ഡി എം ഇ ഡോ കെ വി വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ. ജബ്ബാർ, സൂപ്രണ്ട് ഡോ സി ജി ജയചന്ദ്രൻ, കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ എസ് എസ് നോബിൾ ഗ്രേഷ്യസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.

തളരാത്ത ഏകോപനം, 3 ദിവസത്തിൽ തുണയായത് 16 ജീവനുകൾക്ക് 

കേരളത്തിൽ അവയവദാന പ്രക്രിയയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന കെ-സോട്ടോ സമാനതകളില്ലാത്ത ഏകോപനത്തിലൂടെ മൂന്ന് ദിവസത്തിനുള്ളിൽ 16 പേർക്ക് പുതുജീവൻ ഉറപ്പാക്കി. പ്രിയപ്പെട്ടവരുടെ വേർപാടിലും അവയവദാനത്തിന് തയ്യാറായ മൂന്ന് കുടുംബങ്ങളെയും വിവിധ ആശുപത്രികളെയും തത്സമയം ബന്ധിപ്പിച്ചുകൊണ്ട് അതിവേഗത്തിലുള്ള ഇടപെടലാണ് സർക്കാർ സംവിധാനമായ കെ-സോട്ടോ നടത്തിയത്. കൊല്ലം സ്വദേശി ഷിബു, തിരുവനന്തപുരം സ്വദേശി ദിവാകർ എസ് രാജേഷ്, ഒൻപത് വയസ്സുകാരൻ ദേവപ്രയാഗ് എന്നിവരുടെ മരണാനന്തര അവയവദാനമാണ് കെ-സോട്ടോയുടെ കൃത്യമായ മേൽനോട്ടത്തിൽ പൂർത്തിയാക്കിയത്. ഷിബുവിലൂടെ ഏഴും, ദിവാകറിലൂടെ അഞ്ചും, ദേവപ്രയാഗിലൂടെ നാല് പേർക്കും ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിച്ചു.

കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സ്ഥിരീകരിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി ഷിബുവിൻ്റെ അവയവങ്ങൾ സ്വീകർത്താവിലേക്ക് എത്തുന്നതുവരെയുള്ള അതീവ സങ്കീർണ്ണമായ നടപടിക്രമങ്ങളാണ് കെ-സോട്ടോയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഏകോപിപ്പിച്ചത്. ഈ ദൗത്യം അതിവേഗം പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങൾ കൈകോർത്ത കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, എഡിജിപി എസ് ശ്രീജിത്ത് ഐപിഎസിന്റെ നേതൃത്വത്തിൽ പൊലീസ് വകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. സമയനഷ്ടം ഒഴിവാക്കാൻ ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്ടർ ഉപയോഗിച്ചതിലൂടെ ഹൃദയം ഉൾപ്പെടെയുള്ള അവയവങ്ങൾ മിനിറ്റുകൾക്കുള്ളിൽ തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെത്തിക്കാൻ സാധിച്ചു.

റോഡ് മാർഗ്ഗമുള്ള യാത്രയ്ക്ക് പൊലീസിന്റെ സഹായത്തോടെ 'ഗ്രീൻ ചാനൽ' ഒരുക്കിയതോടെ ഓരോ സെക്കൻഡും ലാഭിക്കാൻ കഴിഞ്ഞു. വിവിധ ജില്ലകളിലെ ആശുപത്രികളെയും വിദഗ്ധരായ ഡോക്ടർമാരെയും ഒരൊറ്റ ശൃംഖലയിൽ അണിനിരത്തിയാണ് ഈ വലിയ ദൗത്യം വിജയകരമാക്കിയത്. കെ-സോട്ടോയുടെ ഓൺലൈൻ രജിസ്ട്രി വഴി പൂർണ്ണമായും സുതാര്യമായ രീതിയിലാണ് കാത്തിരിപ്പിലായിരുന്ന ആയിരക്കണക്കിന് ആളുകളിൽ നിന്ന് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തിയത്.