
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 28 ന് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ ഹർഷിന ഏകദിന സത്യാഗ്രഹമിരിക്കും. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന പറഞ്ഞു.
2017 ല്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്. 2022 ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണ് ഹർഷിന. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും മന്ത്രിയോ സർക്കാരോ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുന്നുവെന്നാരോപിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്.
ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെ അപ്പീലിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന നൽകിയ ഹർജിയിലും തീരുമാനമായിട്ടില്ല. നീതി നിഷേധം തുടർന്നാൽ തുടർസമരങ്ങളുമായി മുന്നോട്ടുപോകാനാണ് ഹർഷിനയുടെയും സമര സമിതിയുടെയും തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam