സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ; എ.എ റഹീമിന്‍റെ സഹോദരിയുൾപ്പടെ പലര്‍ക്കും 10 വർഷം സർവ്വീസില്ല

By Web TeamFirst Published Feb 7, 2021, 7:37 AM IST
Highlights

വി.എസ് സർക്കാരിന്റെ കാലത്ത് നിയമിച്ച, റഹീമിന്‍റെ സഹോദരി ഷീജയടക്കമുള്ളവരെ പിന്നീട് വന്ന യുഡിഎഫ് സർക്കാർ കരാർ കാലാവധി പൂർത്തിയായതോടെ 2013ൽ പിരിച്ചു വിട്ടിരുന്നു. പിന്നീട് 2014ലാണ് ഇവർ തിരിച്ചെത്തിയത്. 

തിരുവനന്തപുരം: പത്ത് വർഷം പൂർത്തിയായ താൽക്കാലിക ജീവനക്കാര മാത്രമാണ് സ്ഥിരപ്പെടുത്തുന്നതെന്ന സർക്കാരിന്റെ വിശദീകരണത്തിലും തീരാതെ സ്കോൾ കേരളയിലെ സ്ഥിരപ്പെടുത്തൽ വിവാദം. സ്കോൾ കേരളയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരിയുൾപ്പടെ പട്ടികയിലുൾപ്പെട്ട മിക്കവർക്കും തുടർച്ചയായ പത്ത് വർഷം സർവ്വീസില്ല. സ്ഥിരപ്പെടുത്തലിൽ സീനിയോറിറ്റി ലിസ്റ്റ് മറികടന്നതായും ആക്ഷേപമുണ്ട്. 

ഓപ്പൺ വിദ്യാഭ്യാസ മേഖലയിലെ സർക്കാർ സ്ഥാപനമായ സ്കോൾ കേരളയിൽ തന്റെ സഹോദരിയുൾപ്പടെയുള്ളവരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായതോടെയാണ് പത്ത് വ‌ർഷം പൂർത്തിയാക്കിയവരെ മാത്രമാണ് സ്ഥിരപ്പെടുത്തുന്നതെന്ന വിശദീകരണവുമായി എഎ റഹീം ഉൾപ്പടെ രംഗത്തെത്തിയത്. മന്ത്രിമാരും ഈ വാദം ആവർത്തിച്ചു. എന്നാൽ സ്കോൾ കേരളയിൽ റഹീമിന്റെ സഹോദരി എൻ ഷീജ ഉൾപ്പടെ സ്ഥിരപ്പെടുത്തൽ ലിസ്റ്റിൽ ഇടംപിടിച്ച ഭൂരിഭാഗം പേർക്കും തുടർച്ചയായ പത്തു വർഷം സർവ്വീസില്ല. 

വി.എസ് സർക്കാരിന്റെ കാലത്ത് നിയമിച്ച ഷീജയടക്കമുള്ളവരെ പിന്നീട് വന്ന യുഡിഎഫ് സർക്കാർ കരാർ കാലാവധി പൂർത്തിയായതോടെ 2013ൽ പിരിച്ചു വിട്ടിരുന്നു. പിന്നീട് 2014ലാണ് ഇവർ തിരിച്ചെത്തിയത്. ഇടയ്ക്ക് രണ്ട് മാസത്തോളം സർവ്വീസ് മുടങ്ങി. ഇത് ക്രമപ്പെടുത്തിയ ശേഷം എക്സിക്യൂട്ടിവ് അസിസ്റ്റന്റ് അടക്കമുള്ള തസ്തികയിലാണ് ഷീജയുൾപ്പെടുന്നവരെ സ്ഥിരപ്പെടുത്തുന്നത്. 29 പേരാണ് ഈ സ്ഥിരപ്പെടുത്തൽ പട്ടികയിൽ ഉള്ളത്. 

മാനുഷിക പരിഗണനയെന്ന വാദം ഉയർത്തുമ്പോഴും രാഷ്ട്രീയ താൽപര്യങ്ങൾ നോക്കി പട്ടികയിൽ 2000 - 2001 വർഷം മുതൽ സർവ്വീസുള്ളവരെ തഴഞ്ഞതായും ആരോപണമുണ്ട്. മൊത്തം 55 പേരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ കോടതിയിൽ കേസുമുണ്ട്. എന്നാൽ ശുപാർശ വ്യക്തി പരിഗണനകൾ നോക്കിയല്ലെന്നും,11ഉം അതിന് മീതിയെും വർഷം സർവ്വീസ് ഉള്ളവരെത്തന്നെയാണ് ശുപാർശ ചെയിതിരിക്കുന്നതെന്നാണ് സ്കോൾ കേരളയുടെ വിശദീകരണം. 

സീനിയോറിറ്റി ഉള്ളവരെ തഴഞ്ഞിട്ടില്ലെന്നും വിശദീകരിക്കുന്നു. എന്നാൽ ഷീജയടക്കമുള്ളവരുടെ സർവ്വീസ് ഇടക്കാലത്ത് മുടങ്ങിയിരുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അതേ സമയം രാഷ്ട്രീയ ഇടപെടലാണെങ്കിൽ സഹോദരിയെ യുഡിഎഫ് സർക്കാറിനറെ കാലത്ത് തന്നെ കരാർ വ്യവസ്ഥയിൽ തിരിച്ചെടുക്കില്ലല്ലോ എന്ന് റഹീം ഏഷ്യാനെറ്റ് ന്യൂസിനോട് ചോദിച്ചു.

click me!