
കോട്ടയം: എസ്ഡിപിഐ (SDPI) ബന്ധത്തിന്‍റെ പേരിൽ ഈരാറ്റുപേട്ട സിപിഎമ്മിൽ (CPM) നടപടി. മുൻ ലോക്കൽ സെക്രട്ടറിയേയും ഏരിയാ കമ്മിറ്റി അംഗത്തേയും പൂഞ്ഞാർ ഏരിയാ കമ്മിറ്റിയിൽ നിന്ന് തരം താഴ്ത്തി. ഈരാറ്റുപേട്ട നഗരസഭയിൽ അവിശ്വാസ പ്രമേയം കൊണ്ട് വന്ന് എസ്ഡിപിഐ പിന്തുണയ്ക്കുന്നതിന് അവസരമൊരുക്കിയതാണ് നടപടിക്ക് കാരണമായത്. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് തരംതാഴ്ത്തൽ.
ഈരാറ്റുപേട്ട നഗരസഭയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ എസ്ഡിപിഐ പിന്തുണച്ചത് സംസ്ഥാന തലത്തിൽ തന്നെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ബിജെപിയും കോൺഗ്രസും സിപിഎം എസ്ഡിപിഐ ബന്ധമെന്ന ആരോപണമുയർത്തി. ഈരാറ്റുപേട്ട ലോക്കൽ കമ്മിറ്റി പാർട്ടിയെ അവമതിപ്പിലേക്ക് തള്ളിവിട്ടെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തൽ. മുൻ ലോക്കൽ സെക്രട്ടറി കെ എം ബഷീറിനെതിരെയും ഏരിയാ കമ്മിറ്റി അംഗം എംഎച്ച് ഷെനീറിനെതിരയുമാണ് നടപടി. എസ്ഡിപിഐ പിന്തുണയില്ലാതെ അവിശ്വാസം വിജയിക്കില്ലെന്ന് വ്യക്തമായിട്ടും അതുമായി മുന്നോട്ട് പോയി. അവിശ്വാസം പാസായെങ്കിലും പിന്നീട് ഇവിടെ യുഡിഎഫ് തന്നെ അധികാരത്തിലെത്തി. ഇതെല്ലാം പാർട്ടിക്ക് നാണക്കേടായി എന്നാണ് വിലയിരുത്തല്‍.
തരംതാഴ്ത്തൽ നടപടിക്ക് ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. സമ്മേളനത്തിൽ വിഭാഗീയ മത്സരമുണ്ടായതിനെ തുടർന്ന് ഈരാറ്റുപേട്ടയിൽ അഡ്ഹോക്ക് കമ്മിറ്റിയാണ് നിലവിലുള്ളത്. വർഗീയ പരാമർശത്തിന്‍റെ പേരിൽ നഗരസഭാ കൗൺസിലറും പാർട്ടി ലോക്കൽ കമ്മിറ്റി അംഗവുമായ അനസ് പാറയിലിനെതിരെയും നടപടിയുണ്ട്. അനസിനെ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. അരുവിത്തുറ എന്ന സ്ഥലമില്ലെന്ന പേരിലുള്ള ഫോൺവിളിയാണ് അനസിന്‍റെ സസ്പെൻഷനിലേക്ക് നയിച്ചത്. പാലാ, കടുത്തുരുത്തി തോൽവിയിൽ മണ്ഡലം കമ്മിറ്റികൾക്ക് ജാഗ്രത കുറവുണ്ടായെങ്കിൽ നടപടിയിലേക്ക് പോകേണ്ട വീഴ്ച ഉണ്ടായില്ലെന്ന് നേതൃത്വം വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam