
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ എസ് ഡി പി ഐ പിന്തുണയുടെ കാര്യത്തിലെ നിലപാട് വ്യക്തമാക്കി ദേശീയ പ്രസിഡന്‍റ് എം കെ ഫൈസി രംഗത്ത്. പാർട്ടി മത്സരിക്കാത്തിടത്ത് ഏതെങ്കിലും മുന്നണിക്കാകും എസ് ഡി പി ഐയുടെ പിന്തുണയെന്ന് ഫൈസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബി ജെ പി വിജയിക്കാൻ സാധ്യത ഉള്ള മണ്ഡലമായത് കൊണ്ടാണ് നേമത്ത് എൽ ഡി എഫ് സ്ഥാനാർഥിക്ക് പരസ്യ പിന്തുണ കൊടുത്തത്. ബി ജെ പിക്ക് വിജയ സാധ്യതയുള്ള ഉള്ള മഞ്ചേശ്വരത്ത് യു ഡി എഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല. യു ഡി എഫിനും ബി ജെ പിക്കും ഒരുപോലെ സാധ്യത ഉള്ള മണ്ഡലങ്ങളിലെ എസ് ഡി പി ഐ പിന്തുണയുടെ കാര്യത്തിൽ പഠിച്ച ശേഷം തീരുമാനം എടുക്കുമെന്നും എം കെ ഫൈസി വ്യക്തമാക്കി. ഏത് മുന്നണിയെ പിന്തുണക്കും എന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകണമെന്നില്ല. പ്രവർത്തകരെ മാത്രം അക്കാര്യം അറിയിച്ചു മുന്നോട്ട് പോകുന്ന നിലപാടും എസ് ഡി പി ഐ കൈക്കൊള്ളും. ഈ കാര്യങ്ങളെല്ലാം പാർട്ടി ചർച്ച ചെയ്യുകയാണ്. പരസ്യമായി പിന്തുണ പറയേണ്ട സാഹചര്യം ആണെങ്കിൽ അങ്ങനെ പറയും. പ്രഖ്യാപനം നടത്തണമെങ്കിൽ ഒരുപാട് ചർച്ച നടത്തി പുരോഗതിയിൽ എത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽ ഡി എഫ് സർക്കാർ നൂറ് ശതമാനം പാളിച്ച ആണെന്ന അഭിപ്രായം എസ് ഡി പി ഐക്കില്ലെന്നും ദേശീയ പ്രസിഡന്‍റ് വിവരിച്ചു. സർക്കാർ സർവ മേഖലയിലും പരാജയമാണെന്ന അഭിപ്രായം പാർട്ടിക്കില്ല. പരാതി ഉള്ള വിഷയങ്ങളിൽ സമരം നടത്തിയിട്ടുണ്ട്. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ എസ് ഡി പി ഐയെ എതിർക്കുന്നു. ആരെ പ്രീതി പെടുത്താൻ ആണ് അവരത് ചെയ്യുന്നതെന്ന് അറിയില്ലെന്നും ഫൈസി കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള മുന്നണിയിൽ കോൺഗ്രസും എസ് ഡി പി ഐയും ഉണ്ട്. കേരളത്തിൽ മാത്രം പിടിവാശി കാണിക്കുന്നത് ചില കോൺഗ്രസ് നേതാക്കൾ ആരുടെയോ പ്രീതി സമ്പാദിക്കാൻ വേണ്ടി ചെയ്യുന്നതാണ്. പ്രതിപക്ഷ നേതാവുൾപ്പെടെ ഞങ്ങളെ എതിർക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങൾക്കും ഇല്ല. കോൺഗ്രസിലെ മറ്റു നേതാക്കൾ എസ് ഡി പി ഐയുടെ കാര്യത്തിൽ ഈ വാശി കാട്ടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ് എഫ് ഐ നേതാവായിരുന്ന അഭിമന്യുവിന്‍റെ കൊലപാതകത്തിൽ എസ് ഡി പി ഐക്ക് ബന്ധം ഇല്ലെന്നും ഫൈസി അഭിപ്രായപ്പെട്ടു. ആ സമയത്ത് സി പി എം പറഞ്ഞതിനെ ഇപ്പോൾ കൂട്ടി ചേർക്കണ്ട കാര്യമില്ല. തലശ്ശേരിയിൽ ഫസൽ കൊലക്കേസ് പ്രതിയായിരുന്ന കാരായി രാജനെ തോൽപ്പിക്കുമെന്നും എസ് ഡി പി ഐക്കില്ലെന്നും ദേശീയ പ്രസിഡന്‍റ് വ്യക്തമാക്കി. ശക്തനായ സ്ഥാനാർത്ഥിയെ അവിടെ ഇറക്കിയിട്ടുണ്ടെന്നും ആ കാര്യത്തിൽ ഒരു വൈരുധ്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആ ഒരു സംഭവം മാത്രം വെച്ചല്ല രാഷ്ട്രീയ തീരുമാനം എടുക്കുന്നതെന്നും ഫൈസി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam