കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ രണ്ട് ദിവസം കടലാക്രമണ സാധ്യത, ജാഗ്രതാ നിര്‍ദേശം

By Web TeamFirst Published Apr 15, 2024, 7:47 PM IST
Highlights

ഇന്ന് മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരപ്രദേശങ്ങളിലും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് മുതല്‍ ബുധനാഴ്ച രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

അതേസമയം, കാലവര്‍ഷം ഇത്തവണ പതിവിലും നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാന വാരത്തോടെ കാലവര്‍ഷമെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. എല്‍നിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനല്‍മഴ കൂടും. സംസ്ഥാനത്ത് ഈ മാസം 18 മുതല്‍ വേനല്‍മഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മധ്യ- തെക്കന്‍ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20ന് ശേഷം വടക്കന്‍ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.

തൃശൂരില്‍ 4 ദിവസം കര്‍ശനനിയന്ത്രണങ്ങള്‍, വിസിലുകള്‍ക്കും നിരോധനം; പ്രത്യേക ഉത്തരവിലെ പ്രധാന നിര്‍ദേശങ്ങള്‍ 
 

tags
click me!