കള്ളക്കടൽ പ്രതിഭാസം; ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം, നിരവധി വീടുകളിൽ വെള്ളം കയറി

Published : Oct 16, 2024, 10:48 PM IST
കള്ളക്കടൽ പ്രതിഭാസം; ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം, നിരവധി വീടുകളിൽ വെള്ളം കയറി

Synopsis

അപ്രതീക്ഷിതമായി ഉണ്ടായ കള്ളക്കടൽ പ്രതിഭാസം കാരണം നിരവധി വീടുകളിൽ വെള്ളം കയറി.

ആലപ്പുഴ: ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം. അപ്രതീക്ഷിതമായി ഉണ്ടായ കള്ളക്കടൽ പ്രതിഭാസമാണ് വലിയ നാശം വിതച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് മണ്ണിനടിയിലായി. വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡിൽ  ഗതാഗതം ഭാഗികമായി മുടങ്ങി. 

കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു. പാനൂർ വാട്ടർ ടാങ്ക് ജം​ഗ്ഷനിലാണ് റോഡ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കാർത്തികപ്പള്ളി തഹസിൽദാർ പി. സജീവ് കുമാർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. പഞ്ചായത്തിലെ 12, 13 വാർഡുകളിലെ കടലാക്രമണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കുള്ളിൽ പാനൂർ വരവുകാട് മദ്രസ ഹാളിൽ വെച്ച് യോഗം ചേരുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. നൽകിയ ഉറപ്പ് നാട്ടുകാർ മുദ്ര പത്രത്തിൽ എഴുതി വാങ്ങിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ സമരം അവസാനിപ്പിച്ചത്. ‌ചേലക്കാട് ഭാഗത്തും നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.  
  
സമരം കാരണം തോട്ടപ്പള്ളി - തൃക്കുന്നപ്പുഴ തീരദേശ റോഡിലെ ഗതാഗതം പൂർണമായും മുടങ്ങി. നിരവധി വീടുകൾ ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി മുതൽ മംഗലം വരെയും തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരി ജം​​ഗ്ഷൻ മുതൽ ചേലക്കാട് പാനൂർ വരെയുമുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം ജനജീവിതം ദുരിതത്തിലാക്കിയത്. തീരത്തേക്ക് ശക്തമായി അടിച്ചു കയറിയ തിരമാലകൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കടൽത്തീരങ്ങളിലും വീടിന് സമീപവും സൂക്ഷിച്ചിരുന്ന നിരവധി സാധന സാമഗ്രികൾ  ഒഴുകിപ്പോയി. തീരദേശ റോഡ് കവിഞ്ഞ് കടൽ വെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. എ.സി. പള്ളി മുതൽ  കാർത്തിക ജം​ഗ്ഷൻ വരെയുള്ള ഭാഗത്തും, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജം​ഗ്ഷൻ എന്നിവിടങ്ങളിലും റോഡ് മണ്ണിനടിയിലായി. ഇതുമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വാഹനങ്ങൾ മണ്ണിൽ പുതഞ്ഞു.  

കടലാക്രമണ ദുർബല പ്രദേശങ്ങളിലാണ് ദുരിതം ഏറെ ഉണ്ടായത്. റോഡ് അരികിലും വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ബസ് സർവീസുകൾ പലതും പാതി വഴിയിൽ അവസാനിപ്പിച്ചു. കടലാക്രമണം തുടരുന്നതിനാൽ തീരദേശവാസികൾ വലിയ ഭീതിയിലാണ്. നാളിതുവരെ വെള്ളം കയറാത്ത വീടുകളിൽ വരെ വെള്ളം കയറി.  ജിയോ ബാഗ് ഉപയോഗിച്ച് താൽക്കാലിക കടൽ ഭിത്തി നിർമ്മിച്ച സ്ഥലങ്ങളിൽ കടലാക്രമണ ദുരിതം കുറഞ്ഞത് ജനങ്ങൾക്ക് ആശ്വാസം നൽകുന്നു.

READ MORE: മലപ്പുറത്തും കണ്ണൂരിലും എക്സൈസ് റെയ്‌ഡ്; കഞ്ചാവുമായി രണ്ട് പേ‍ർ പിടിയിൽ

PREV
Read more Articles on
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക