കോയമ്പത്തൂർ: സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരിൽ നിന്നും കിട്ടിയതായി സൂചന. ഈ വിവരം തമിഴ്നാട് പൊലീസാണ് അന്വേഷണസംഘത്തെ അറിയിച്ചത്. സനു മോഹനായി മംഗലാപുരത്തും പൊലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടകയിൽ ആറ് ഇടങ്ങളിലായി സനുമോഹനായി തെരച്ചിൽ നടക്കുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
മൂകാംബികയിലും പരിസര പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയെങ്കിലും ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച വൈഗയുടെ പിതാവ് സനു മോഹനെ കണ്ടെത്താനായില്ല. മൂകാംബികയിൽ നിന്ന് സനു മോഹൻ ഗോവയിലേക്ക് കടന്നോയെന്നും സംശയമുണ്ട്. ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞ സനുമോഹന് മൂകാംബികയിൽ സുഹൃത്തുക്കളുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്.
പതിമൂന്ന് വയ്യസുകാരി വൈഗയുടെ ദൂരൂഹ മരണത്തിൽ പ്രതിയെന്ന് കരുതുന്ന പിതാവ് സനുമോഹൻ ആറ് ദിവസമാണ് മൂകാംബികയിലുണ്ടായിരുന്നത്. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് പല തവണ സനുമോഹൻ പുറത്തുപോയിട്ടുണ്ട്. ഇത് എവിടെയൊക്കെയായിരുന്നുവെന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. മൂകാംബികയിൽ സനുമോഹന് അടുപ്പമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം.
മൂകാംബിക ക്ഷേത്രത്തിൽ ഇന്നലെയുണ്ടായ ജനതിരക്കും തെരച്ചിലിനെ ബാധിച്ചു. ഇന്ന് കൂടി മൂകാംബികയിൽ ക്യാംപ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. കർണാടക പോലീസിന്‍റെ സഹായത്തോടെ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മൂകാംബികയ്ക്കടുത്തുള്ള വനമേഖലയിലടക്കം സനുമോഹനെ തേടി അന്വേഷണ സംഘമെത്തി. പോലീസ് വലയിലാകുമെന്ന് തിരിച്ചറിഞ്ഞ സനുമോഹൻ ഗോവയിലേക്ക് കടന്നതായും സൂചനയുണ്ട്.
അയൽ സംസ്ഥാനങ്ങളിൽ സനുമോഹനെത്താൻ സാധ്യതയുള്ളതിനാൽ ഡിജിപി ലോക്നാഥ് ബെഹ്റ മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരോട് സഹായം തേടികൊണ്ട് ഇമെയിൽ അയച്ചിട്ടുണ്ട്. പൂനൈയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താൻ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ വ്യക്തമാക്കിയിരുന്നു. സനുമോഹനെ കണ്ടെത്താൻ കൊച്ചി സിറ്റി പോലീസിലെ ഒരു സംഘം കൂടി ഞായറാഴ്ച രാവിലെയോടെ കർണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam