ലൈഫ് മിഷന്‍; വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

By Web TeamFirst Published Aug 10, 2020, 10:01 PM IST
Highlights

അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ അർഹരായ കുടുംബങ്ങൾക്ക് വീടിനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. ഓഗസ്റ്റ് 27 വരെയാണ് തീയതി നീട്ടി നൽകിയത്. അർഹത ഉണ്ടായിട്ടും വിവിധ കാരണങ്ങളാൽ ആദ്യം തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ കുടുംബങ്ങൾക്കാണ് ഇപ്പോൾ വീടിനായി അപേക്ഷിക്കാൻ അവസരം നൽകിയത്. നിലവിൽ ഓഗസ്റ്റ് 1 മുതൽ 14 വരെയായിരുന്നു അപേക്ഷിക്കുന്നതിനായി നൽകിയ സമയം. 

കൊവിഡ്, പ്രളയസമാനമായ സാഹചര്യങ്ങളുടെയും കാരണങ്ങളാൽ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ രേഖകൾ എല്ലാ ഗുണഭോക്താക്കൾക്കും ഈ ചുരുങ്ങിയ സമയം കൊണ്ട് തയാറാക്കി നൽകാൻ സാധിക്കുന്നില്ല എന്ന് ലൈഫ് മിഷനെ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് 27 വരെ സമയം നീട്ടി നൽകുന്നതിന് ഇപ്പോൾ തീരുമാനിച്ചത്. 

www.life2020.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് വീടിനായി അപേക്ഷകൾ സമർപ്പിക്കേണ്ടത്. അർഹരായ ഗുണഭോക്താക്കൾക്ക് വീട്ടിലിരുന്നു സ്വന്തമായോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തയാറാക്കിയിരിക്കുന്ന ഹെല്‍പ്പ് ഡെസ്ക് വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

click me!