
ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ രാജ്യം വിട്ട മകൾ ആയിഷയെയും ചെറുമകളെയും തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രീം കോടതിയെ സമീപിച്ചു. അഫ്ഗാനിസ്ഥാനിൽ തടവിൽ കഴിയുന്ന ആയിഷ എന്ന സോണിയ സെബാസ്റ്റ്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് പിതാവ് സെബാസ്റ്റ്യൻ സേവ്യറാണ് ഹർജി നൽകിയത്. ഐഎസിൽ ചേർന്ന ഭർത്താവിനൊപ്പം രാജ്യം വിട്ടതാണ് ആയിഷ.
അഫ്ഗാനിസ്ഥാനിൽ വെച്ച് ഭർത്താവ് കൊല്ലപ്പെട്ടതോടെ ആയിഷയും കുഞ്ഞുമടക്കം കേരളത്തിൽ നിന്ന് പോയ സ്ത്രീകളെല്ലാം ജയിലിലാണ്. ഇപ്പോൾ അമേരിക്കൻ സൈന്യവും അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതോടെ താലിബാൻ അഫ്ഗാനിസ്ഥാനിൽ കൂടുതൽ നിയന്ത്രണം നേടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് സെബാസ്റ്റ്യൻ സേവ്യറിന്റെ ഹർജി.
ആയിഷയുടെ മകൾ സാറയ്ക്ക് ഇപ്പോൾ ഏഴ് വയസാണ് പ്രായം. ആയിഷ ദേശീയ അന്വേഷണ ഏജൻസിയുടെ യുഎപിഎ കേസിൽ പ്രതിയാണ്. 2016 ൽ അഫ്ഗാനിസ്ഥാനുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുള്ളതിനാൽ ഇരുവരെയും തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാരിന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിൽ സെബാസ്റ്റ്യൻ സേവ്യർ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ സൈന്യം പിൻവാങ്ങിയതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിൽ യുദ്ധത്തിലേക്ക് നീങ്ങുമെന്നും അങ്ങിനെ വന്നാൽ ഇപ്പോൾ തടവിൽ കഴിയുന്ന വിദേശത്ത് നിന്നെത്തി ഭീകര പ്രവർത്തനം നടത്തിയ ആയിഷ അടക്കമുള്ളവർ തൂക്കിലേറ്റപ്പെടുമെന്നും സെബാസ്റ്റ്യൻ പറയുന്നുണ്ട്. സാറയുടെ ഭാവിജീവിതം സുരക്ഷിതമാക്കേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും സെബാസ്റ്റ്യൻ പറയുന്നു.
2011 മെയ് മാസത്തിലാണ് സോണിയ സെബാസ്റ്റ്യൻ അബ്ദുൾ റഷീദിനൊപ്പം പോയത്. 2013 ഒക്ടോബർ 26 നായിരുന്നു സാറയുടെ ജനനം. 2016 ൽ ഇവരെല്ലാം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാനായി രാജ്യം വിട്ടു. ഇതേ വർഷം ജൂലൈ 10 ന് ഇതുമായി ബന്ധപ്പെട്ട് ആളെ കാണാനില്ലെന്ന പരാതി അബ്ദുൾ റഷീദിന്റെ പിതാവി പിടി അബ്ദുള്ള കാസർകോട് ചന്തേര പൊലീസ് സ്റ്റേഷനിൽ നൽകുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam