കാവലാകേണ്ട പൊലീസിന് കയ്യൂക്ക് കൂട്ടി രണ്ടാം പിണറായി സര്‍ക്കാര്‍, പ്രമാദമായ കേസിലെല്ലാം പ്രതിക്കൂട്ടിലാവുമ്പോൾ

Published : May 18, 2023, 08:33 AM IST
കാവലാകേണ്ട പൊലീസിന് കയ്യൂക്ക് കൂട്ടി രണ്ടാം പിണറായി സര്‍ക്കാര്‍, പ്രമാദമായ കേസിലെല്ലാം പ്രതിക്കൂട്ടിലാവുമ്പോൾ

Synopsis

നടുറോഡിൽ എട്ട് വയസ്സുകാരിയെ അധിക്ഷേപിച്ച പിങ്ക് പൊലീസ് മുതൽ തുടർച്ചയായുള്ള കസ്റ്റഡി മരണങ്ങൾ വരെ സേനയ്ക്കും സർക്കാറിനും കരിനിഴലായി. കസ്റ്റഡിമരണങ്ങളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വലിയ വർധനവുണ്ടായപ്പോൾ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടാനുള്ള അസാധാരണ നടപടിയും പൊലീസിലുണ്ടായി.

തിരുവനന്തപുരം:  രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാന പൊലീസിനെതിരെയും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനം ഉയർന്ന രണ്ട് വർഷമാണ് കടന്ന് പോയത്. നടുറോഡിൽ എട്ട് വയസ്സുകാരിയെ അധിക്ഷേപിച്ച പിങ്ക് പൊലീസ് മുതൽ തുടർച്ചയായുള്ള കസ്റ്റഡി മരണങ്ങൾ വരെ സേനയ്ക്കും സർക്കാറിനും കരിനിഴലായി. കസ്റ്റഡിമരണങ്ങളുടെ എണ്ണത്തിൽ മുൻവർഷങ്ങളേക്കാൾ വലിയ വർധനവുണ്ടായപ്പോൾ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടാനുള്ള അസാധാരണ നടപടിയും പൊലീസിലുണ്ടായി.

കാവലാകേണ്ട പൊലീസിന് തുടർഭരണത്തിൽ സര്‍ക്കാര്‍ കൈയ്യൂക്ക് ഇരട്ടിയാക്കി നല്‍കി. ഏറ്റവും ഒടുവിൽ തൃപ്പൂണിത്തുറയിലെ മനോഹരനാണ് ഈ കൈയ്യൂക്കില്‍ ജീവന്‍ നഷ്ടമായത്. മാർച്ച് 25ന് തൃപ്പൂണിത്തുറ കർഷക കോളനിയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു മനോഹരൻ വളവിൽ നടത്തിയ വാഹനപരിശോധയിൽ ഹിൽ പാലസ് പൊലീസ് പറഞ്ഞിടത്ത് വാഹനം നിർത്തിയില്ല എന്നപേരിലാണ് പൊലീസ് മര്‍ദ്ദനമേറ്റത്. കസ്റ്റഡിയിലിരിക്കെ മനോഹരൻ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു. തിരുവല്ലത്തെ സുരേഷും, വടകരയിലെ സജീവനും അങ്ങനെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ജീവൻ നഷ്ടമായ ഉറ്റവരുടെ കണ്ണീർ പലയിടത്ത് നിന്നായി കേരളം കണ്ടു. കൊല്ലം കിളികൊല്ലൂരിൽ വിളിച്ച് വരുത്തി കള്ളക്കേസിൽ പെടുത്തിയാണ് സൈനികനെയും സഹോദരനെയും പൊലീസ് ക്രൂരമായി മർദ്ദിച്ചത്.

എന്നാൽ മുഷ്ടിചുരുട്ടി നിന്ന പൊലീസ് സേന ദാർഷ്ട്യം മുഴുവനെടുത്തത് ഒരു എട്ട് വയസ്സുകാരിയോടായിരുന്നു. തിരുവനന്തപുരത്ത് നടുറോഡിൽ മോഷണം കുറ്റം ആരോപിച്ചാണ് എട്ട് വയസ്സുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ചത്. നിസാര വകുപ്പ് തല നടപടിയിൽ ഉദ്യോഗസ്ഥക്കെതിരെ നടപടി ചുരുക്കി ആഭ്യന്തരവകുപ്പും പൊലീസ് സേനയ്ക്കൊപ്പം നിലയുറപ്പിച്ചു. ഒടുവിൽ ഹൈക്കോടതി ഇടപെടലിലാണ് എട്ട് വയസ്സുകാരിക്ക് നീതി കിട്ടിയത്. പൊലീസുകാരിൽ ചിലർ ലക്ഷണമൊത്ത കള്ളന്മാരുമായി മാറിയതും ഇക്കാലത്ത് തന്നെയാണ്. റോഡരികിലെ കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച സിപിഒ പി വി ഷിഹാബ് മുതൽ സഹപ്രവർത്തകന്റെഷ ഭാര്യയുടെ പത്ത് പവൻ സ്വർണ്ണം കവർന്ന അമൽ വരെ സേനയ്ക്ക് ഒന്നാകെ നാണക്കേടായി. ഓരോ സംഭവത്തിന് ശേഷവും ആവർത്തിക്കപ്പെടുന്ന ന്യായീകരണം ഒന്ന് മാത്രമായിരുന്നു. ഒറ്റപ്പെട്ട സംഭവം.

ഒരുവശത്ത് സേനക്ക് മുന്നറിയിപ്പ് നൽകുന്ന മുഖ്യമന്ത്രി മുഖം മിനുക്കാൻ താഴെത്തട്ടിൽ അച്ചടക്കടത്തിന്റെന വാളോങ്ങിയുള്ള നടപടികളും ഫലം കണ്ടില്ല. കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്ത് ഗുണ്ടാസംഘവുമായുള്ള ബന്ധത്തിലാണ് രണ്ട് ഡിവൈഎസ്പി മാരെ ഉൾപ്പടെ സസ്പെൻഡ് ചെയ്ത് കൂട്ടനടപടി ഉണ്ടായത്. ഫെബ്രുവരിയിൽ 59 ഉദ്യോഗസ്ഥരെ പിരിച്ച് വിടാൻ ഡിജിപി ആഭ്യന്തരവകുപ്പിന് ശുപാർശയും നൽകി. കസ്റ്റഡിമരണങ്ങളിൽ അഞ്ച് വർഷത്തെ ദേശീയ ശരാശരിയിൽ പതിനഞ്ചാം സ്ഥാനത്താണ് സംസ്ഥാനം. എന്നാൽ 2022 ൽ മാത്രം ആറ് പേരാണ് കസ്റ്റഡിയിൽ വെച്ച് മരിച്ചത്. അഞ്ച് വർഷത്തെ ഏറ്റവും കൂടിയ നിരക്ക്. കുറ്റകൃത്യങ്ങളിലെ വർധനവ്, ആൾക്ഷാമം മുതൽ തൊഴിൽ സമ്മർദ്ദം വരെ പൊലീസിനെ കുഴപ്പത്തിലാക്കുന്നുണ്ട്. സേനയാകെ മോശമെന്നമല്ല. ഇക്കാലയളവിൽ അതിവേഗം പ്രതിയെ പിടിച്ച ചില കേസുകളുമുണ്ട്. പക്ഷെ ഏറ്റവും ഒടുവിൽ ഡോ.വന്ദനയും കൊലപാതകത്തിലടക്കം പ്രമാദമായ എല്ലാ കേസുകളിലും പ്രതിക്കൂട്ടിലാണ് കേരളാ പൊലീസുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അടുപ്പിച്ച് നാല് ദിവസം ബാങ്കില്ല, അടിയന്തര ഇടപാടുകൾ ഇന്നു തന്നെ നടത്തുക; മൂന്ന് ദിവസം അവധിയും പിന്നാലെ പണിമുടക്കും
തിരുവനന്തപുരത്ത് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മേയറില്ല! ഗവർണറടക്കം 22 പേരുടെ പട്ടികയിൽ വിവി രാജേഷിനെ ഉൾപ്പെടുത്തിയില്ല