സിസ്റ്റര്‍ അഭയ കേസ്; രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും

By Web TeamFirst Published Oct 15, 2019, 7:08 AM IST
Highlights

സിസ്റ്റർ അഭയ കേസിൽ തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്ന് കോടതി മുൻ ജീവനക്കാരന്‍ മൊഴിനല്‍കി. കോട്ടയം ആർഡിഒ കോടതിയിലെ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്.

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ. രാജു നമ്പുതിരി, ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ എന്നീ സാക്ഷികളെയാണ് ഇന്ന് വിസ്‍തരിക്കുക. 26 ആം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ആദ്യഘട്ട വിസ്താരത്തിൽ ആറുപേർ കൂറുമാറിയിരുന്നു. എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയത്. 

അതേസമയം സിസ്റ്റർ അഭയ കേസിൽ തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്ന് കോടതി മുൻ ജീവനക്കാരന്‍ മൊഴിനല്‍കി. കോട്ടയം ആർഡിഒ കോടതിയിലെ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം തിരികെ നൽകിയില്ലെന്നുമാണ് കോടതി മുൻ ജീവനക്കാരൻ മൊഴി നല്‍കിയിരിക്കുന്നത്. 

അതിനിടെ, കേസിലെ സാക്ഷി പട്ടികയിൽ നിന്നും ചില ഡോക്ടർമാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു പ്രതിഭാഗം ആവശ്യവുമായി രം​ഗത്തത്തിയത്. എന്നാല്‍ സാക്ഷി പട്ടിക സമർപ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തർക്കം ഇപ്പോൾ പറയേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പ്രതിഭാഗത്തോട് പറഞ്ഞത്. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും തിരുവനന്തപുരം സിബിഐ കോടതി പറഞ്ഞു. 

2009-ൽ കുറ്റപത്രം സമർപ്പിച്ച അഭയ കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് നടപടികൾ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു. ഫാ.തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. രണ്ടാം പ്രതി ഫാ ജോസ് പൂതൃക്കയിൽ, ക്രൈം ബ്രാഞ്ച് മുൻ എസ് പി, കെ ടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു

click me!