Latest Videos

പിണറായി 2.0 ഒന്നാം വാർഷികാഘോഷം; കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന്, മെഗാ പ്രദർശന-വിപണന മേളക്കും തുടക്കം

By Web TeamFirst Published Apr 19, 2022, 12:31 AM IST
Highlights

കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം ഇന്ന് നടക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിക്കുക. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. എംപിമാർ എംഎൽഎമാർ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. അഞ്ചിന് ബീച്ചിലെ തുറന്ന വേദിയില്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലകള്‍ അരങ്ങേറും.

ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടത്തുന്ന മെഗാ പ്രദർശന വിപണന മേളയ്‌ക്കും ഇന്ന് തുടക്കമാകും. എന്റെ കേരളം എന്‍റെ അഭിമാനം എന്ന ആഘോഷ പരിപാടികൾ കോഴിക്കോട് ബീച്ചിൽ ഏപ്രിൽ 19 മുതൽ 26 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10 വരെയാണ് മേള ഉണ്ടായിരിക്കുക. മേളയോടനുബന്ധിച്ച് കലാ സാംസ്‌കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും നടക്കും.

മെഗാ പ്രദർശന വിപണന മേളയുടെ കവാടം കനോലി കനാലിന്റെ മാതൃകയിലാണ്. മേളയുടെ ഭാഗമായി 218 സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസമൊഴികെ മേള നടക്കുന്ന ആറ് ദിവസങ്ങളിലും സെമിനാറുകൾ നടക്കും. പണ്ഡിറ്റ് സുഖദേ ബാദുരിയുടെ ഗസൽ, വിധു പ്രതാപിന്റേയും ടീമിന്റേയും ഓർക്കസ്ട്ര, ഗായിക സിത്താരയുടെ സിത്താര മലബാറിക്കസ്, ഹരീഷ് കണാരനും സംഘവും അവതരിപ്പിക്കുന്ന ഉത്സവ രാവ്, കണ്ണൂർ ഷെരീഫിന്റേയും സംഘത്തിന്റേയും ഇശൽ നിലാവ് തുടങ്ങിയ വിവിധ പരിപാടികളും മേളയുടെ ഭാഗമായി നടക്കുന്നുണ്ട്.

click me!