രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം; മെഗാ പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

By Marketing FeatureFirst Published Apr 18, 2022, 6:20 PM IST
Highlights

എന്റെ കേരളം എന്ന് പേരിട്ട മേള തൃശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10വരെയാണ് മേള ഉണ്ടായിരിക്കുക

തൃശൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം തൃശൂരിൽ നടന്നു. ആഘോഷങ്ങളുടെ ഭാഗമായി തൃശൂരിൽ നടത്തുന്ന മെഗാ പ്രദര്‍ശന വിപണന മേളയ്ക്കും തുടക്കമായി. ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം റവന്യൂ ഭവന വകുപ്പ് മന്ത്രി അഡ്വ. കെ രാജനും മെഗാ വിപണന പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ഡോ. ആര്‍ ബിന്ദുവും നിര്‍വഹിച്ചു. എന്റെ കേരളം എന്ന് പേരിട്ട മേള തൃശൂര്‍ തേക്കിൻകാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറിൽ ഏപ്രിൽ 18 മുതൽ 24 വരെയാണ് നടക്കുക. രാവിലെ 9 മുതൽ രാത്രി 10വരെയാണ് മേള ഉണ്ടായിരിക്കുക. മേളയോടനുബന്ധിച്ച് കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചര്‍ച്ചകളും നടക്കും.

ഇന്ന് വൈകീട്ട് നാല് മണിയോടെ തേക്കിന്‍കാട് മൈതാന പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്കൊടുവിലായിരുന്നു ഉദ്ഘാടന പരിപാടികൾ അരങ്ങേറിയത്. എന്റെ കേരളം അരങ്ങില്‍ എല്ലാ ദിവസവും വൈകീട്ട് കലാ സാംസ്കാരിക പരിപാടികൾ നടക്കും. ഇന്ന്  പ്രസീത ചാലക്കുടി നയിക്കുന്ന നാടൻ പാട്ട് മേള, 19 ന് കഥാ പ്രസംഗം, വൈകീട്ട് ഏഴു മുതല്‍ ജോബ് കുര്യന്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഷോ. 20 ന് വാദ്യകലാ ഫ്യൂഷൻ, മോഹിനിയാട്ടം എന്നിവ ഉണ്ടാകും.

ഏപ്രിൽ 21 ന് ചവിട്ടു നാടകം, അക്രൊബാറ്റിക് ഡാൻസ്. 22ന് ഏകപാത്ര നാടകം. ഗാനമേള. 23 ന് തുള്ളല്‍ ത്രയം, സമീര്‍ ബിന്‍സിയുടെ സൂഫി സംഗീതവും ഖവാലിയും എന്നിവ അരങ്ങേറും. സമാപന ദിവസമായ ഏപ്രിൽ 24 ന് നാടകവും ഉണ്ടായിരിക്കും.

രുചി വിഭവങ്ങളുമായി കുടുംബശ്രീ, മില്‍മ, കെടിഡിസി, ജയില്‍ വകുപ്പ് എന്നിവയുടെ ഫുഡ് കോര്‍ട്ട്, ‘കേരളത്തെ അറിയാന്‍’ ടൂറിസം പവലിയന്‍, ‘എന്റെ കേരളം’ പിആര്‍ഡി പവലിയന്‍, റോബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ടെക്‌നോളജി പവലിയന്‍, കൃഷി ഔട്ട്ഡോര്‍ ഡിസ്‌പ്ലേ, വളർച്ചയുടെ കാഴ്ചകളൊരുക്കി കിഫ്ബി പവലിയൻ എന്നിവയും മേളയുടെ ആഘര്‍ഷണമാണ്.

അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം നാളെ നടക്കും. ഒന്നാം വാർഷികാഘോഷത്തിന്റെ കോഴിക്കോട് ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് നിർവഹിക്കുക. നാളെ വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടന സമ്മേളനം നടക്കുക. വനം മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ മുഖ്യാതിഥിയാകും. എംപിമാർ എംഎൽഎമാർ സാംസ്‌കാരിക രാഷ്‌ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വൈകിട്ട് നാല് മണിക്ക് മുതലക്കുളം ബീച്ചില്‍ സാംസ്കാരിക ഘോഷയാത്ര നടക്കും. അഞ്ചിന് ബീച്ചിലെ തുറന്ന വേദിയില്‍ അനീഷ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ നാടന്‍ കലകള്‍ അരങ്ങേറും.

click me!