
തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC) ജീവനക്കാര്‍ക്ക് ആശ്വാസം. മാര്‍ച്ച് മാസത്തെ ശമ്പളം ഇന്ന് തന്നെ പൂര്‍ണമായി വിതരണം ചെയ്യുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിന് പുറമേ, 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്താണ് പ്രതിസന്ധി പരിഹരിച്ചത്. എല്ലാ മാസവും അഞ്ചിന് മുമ്പ് ശമ്പളം നല്‍കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടു.
ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം കിട്ടാതെ വിഷുവും ഈസ്റ്ററും ആഘോഷിച്ചത്. കെഎസ്ആർടിസിയുടെ പക്കല്‍ ഏഴ് കോടി രൂപയാണ് ശമ്പളവിതരണത്തിനായി ഉണ്ടായിരുന്നത്. 84 കോടിയിലേറെയാണ് ശമ്പള വിതരണത്തിനാവശ്യമായുള്ളത്. സർക്കാർ അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയാതോടെ രാത്രിയോടെ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയും.
ശമ്പളം എത്തുന്നതോടെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ദുരിതത്തിനും പ്രതിഷേധത്തിനും താത്കാലിക പരിഹാരമായി. സര്‍ക്കാര്‍ 30 കോടി അനുവദിച്ചെങ്കിലും തുടര്‍ച്ചയായ ബാങ്ക് അവധി മൂലം അത് കെഎസ്ആര്‍ടിസി അക്കൗണ്ടിലെത്താതിരുന്നതോടെയാണ് ശമ്പളവിതരണം തടസപ്പെട്ടത്. സര്‍ക്കാര്‍ സഹായമായി ലഭിച്ച 30 കോടി കെഎസ്ആര്‍ടിസി ആക്കൗണ്ടിലെത്തി. 45 കോടി ഓവര്‍ ഡ്രാഫ്റ്റെടുത്തു. 7 കോടിയോളം കെഎസ്ആര്‍ടിസിയുടെ പക്കലുണ്ടായിരുന്നു. ഇതെല്ലാം ചേര്‍ത്താണ് ശമ്പള വിതരണത്തിനുള്ള പണം കണ്ടെത്തിയത്. തൊഴിലാളി യൂണിയനുകളുടെ സമരം തുടരുന്നതിനിടെയാണ് ശമ്പളം എത്തുന്നത്.
Also Read: 'കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് എണ്ണ കൊടുക്കില്ല'; അപ്പീലുമായി എണ്ണക്കമ്പനികൾ ഹൈക്കോടതിയിൽ
എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാമെന്ന് സേവന വേതന കരാര്‍ ഒപ്പുവച്ചപ്പോള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ധന വില വര്‍ദ്ധനയാണ് കണക്ക് കൂട്ടലുകള്‍ തെറ്റിച്ചതെന്നാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണം നീണ്ടത്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു, ബി.എം.എസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മാസം മുതല്‍ വിതരണം വൈകില്ലെന്ന് മന്ത്രിതലത്തില്‍ ഉറപ്പ് കിട്ടിയാല്‍ മാത്രമേ പണിമുടക്ക് പിന്‍വലിക്കുകയുള്ളു. ഐഎന്‍ടിയൂസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6 നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയതാണ് ഇടതുമുന്നണി അധികാരത്തിലെത്തിയതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്‍, ചീഫ് ഓഫീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഐഎൻടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മുതൽ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. ബിഎംഎസ് ഇന്ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മാനേജ്മെന്‍റ് നടത്തുന്ന ചർച്ചയിൽ ശമ്പളം വൈകുന്നത് പ്രധാനവിഷയമാക്കാനാണ് യൂണിയനുകളുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam