ആലുവയിൽ നിന്ന് വീണ്ടും ഒഡീഷയിലേക്ക് ട്രെയിൻ പുറപ്പെട്ടു; പോയത് 1111 അതിഥി തൊഴിലാളികൾ

By Web TeamFirst Published May 2, 2020, 7:17 PM IST
Highlights

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്ത് നിന്ന് മറ്റൊരു ട്രെയിൻ യാത്ര പുറപ്പെട്ടിരുന്നു

കൊച്ചി: കൊവിഡിനെ തുടർന്ന് സംസ്ഥാനത്ത് കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഒഡീഷയിലേക്ക് രണ്ടാമത്തെ ട്രെയിൻ പുറപ്പെട്ടു. 1111 പേരാണ് ഈ ട്രെയിനിൽ യാത്ര പുറപ്പെട്ടത്. ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നായിരുന്നു ഇന്നും ട്രെയിൻ സർവീസ് തുടങ്ങിയത്.

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. വൈകിട്ട് മൂന്നരയോടെ തിരുവനന്തപുരത്ത് നിന്നും ട്രെയിൻ പുറപ്പെട്ടിരുന്നു. അതിഥി തൊഴിലാളികളുമായി ഝാർഖണ്ഡിലേക്കാണ് ട്രെയിൻ പോയത്. നാളെ വൈകുന്നേരം തൃശൂരിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ  ബിഹാറിലേക്ക് പോകുന്നുണ്ട്. 

പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി. തഹസിൽദാർ മാരുടെ നേതൃത്വത്തില്‍ മുഗണന പട്ടിക തയ്യാറാക്കുന്ന ജോലി രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും. ജില്ലയിലെ അതിഥി തൊഴിലാളികളില്‍ അധിക പേരും കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലുമാണ് ജോലിചെയ്യുന്നത്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് അധികവും. 

പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്താണ് യാത്രക്ക് വേണ്ടിയുള്ള  മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. കുട്ടികള്‍ക്കും സ്ത്രികള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്. തഹസില്‍ദാർമാരുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസർമാർ അടങ്ങിയ സംഘമാണ് പട്ടിക തയ്യാറാക്കുന്നത്. രണ്ട് ദിവസത്തിനകം ജോലികൾ പൂർത്തിയാക്കും.

കോട്ടയം തിരുവല്ല എന്നിവിടങ്ങളില്‍ നിന്നായിരിക്കും ട്രെയിനുകള്‍ പുറപ്പെടുക. ഇവരെ റയില്‍വേ സ്റ്റേഷനില്‍ എത്തിക്കുന്നത് കെഎസ്ആർടിസി ബസുകളിലായിരിക്കും. രോഗലക്ഷണം ഉള്ളവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയതിന് ശേഷമേ നാട്ടിലേക്ക് അയക്കൂ. കോവിഡ് പരിശോധനാഫലം പോസിറ്റീവ് ആകുന്നവരെ  ആശുപത്രികളിലേക്ക് മാറ്റും. തിങ്കളാഴ്ചയോടെ അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിന്‍ ജില്ലയില്‍ നിന്ന്  പുറപ്പെടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണകൂടം.

click me!