'മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം'; രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച

By Web TeamFirst Published Dec 24, 2021, 11:33 AM IST
Highlights

പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തില്‍ എട്ടാമത്തെ വാഹനത്തിന്‍റെ പുറകിലായാണ് മേയറുടെ വാഹനം കയറിയത്.
 

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ (President Ram Nath Kovind)  കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്. ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്‍റെ വാഹനം കയറ്റാന്‍ ശ്രമിച്ചുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തൽ. 

ഇന്നലെ രാവിലെ 11. 05 നാണ് രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയത്. വിമാനത്താവളത്തില്‍ നിന്ന് പി എൻ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാൻ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച്ച ഉണ്ടായത്. വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാൻ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാൻ ശ്രമിച്ചു.

തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം വരെ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി മേയറുടെ വാഹനം സഞ്ചരിച്ചു. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ വണ്ടിക്ക് ഇടയില്‍ കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവായി. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. കേന്ദ്ര ഇന്‍റലിജന്‍സ് സംഭവത്തില്‍ അന്വേഷണം തുടങ്ങി.

അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. കേന്ദ്ര സഹമന്ത്രി വി മുരളീധരനും ഒപ്പമുണ്ടായിരുന്നു. ദർശനത്തിന് ശേഷം ക്ഷേത്രത്തിന്റെ വടക്കേനടയിൽ വച്ച് ക്ഷേത്രം ട്രസ്റ്റി അംഗങ്ങൾ അദ്ദേഹത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു.

click me!