
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം ഒരാളെക്കൂടി പ്രത്യേക പാസ് വഴി അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
ആശുപത്രി സന്ദര്‍ശന സമയം വൈകുന്നേരം 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പോലീസ് എയ്ഡ് പോസ്റ്റിലുള്ള പോലീസിന്റേയും സെക്യൂരിറ്റി ചീഫിന്റേയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുന്നതാണ്. അലാം സംവിധാനം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഭവത്തെ തുടര്‍ന്ന് മന്ത്രി വിളിച്ചു ചേര്‍ത്ത പൊലീസിന്റേയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റേയും പിജി ഡോക്ടര്‍മാരുടേയും യോഗത്തിലാണ് തീരുമാനമെടുത്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പോലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യുന്നതിനും ഉടന്‍ തന്നെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിനും സാധിക്കും. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് ബ്രീഫ്രിംഗ് റൂം സ്ഥാപിക്കുന്നതാണ്. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പോലീസിന്റെ സഹായത്തോടെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡിഐജി നിശാന്തിനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കലാകേശവന്‍, സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാര്‍, പിജി ഡോക്ടര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read More : 'പൊതിച്ചോറ് സിറ്റൌട്ടിൽ വച്ചിട്ടുണ്ട് ദയവായി എടുത്തുകൊണ്ടുപോവുക'; ഹൃദ്യമായ കുറിപ്പുമായി വികെ പ്രശാന്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam