'പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു, മുട്ടിലിഴയുന്നു'; എൽഡിഎഫ് ഘടകകക്ഷികൾ ഏറാന്‍മൂളികളുടെ സംഘം: സതീശൻ

Published : May 03, 2024, 01:08 PM IST
'പിണറായിക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു, മുട്ടിലിഴയുന്നു'; എൽഡിഎഫ് ഘടകകക്ഷികൾ ഏറാന്‍മൂളികളുടെ സംഘം: സതീശൻ

Synopsis

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല

 

തിരുവനന്തപുരം: ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണ്.

കോണ്‍ഗ്രസ് പിന്തുണയില്‍ മറ്റു സംസ്ഥാനങ്ങളില്‍ മത്സരിക്കുമ്പോഴും രാഹുല്‍ ഗാന്ധിയെ പോലും വിമര്‍ശിക്കാന്‍ മടി കാട്ടാത്ത സിപിഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള ഒരു നേതാക്കള്‍ക്കും കണ്‍വീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ധൈര്യമില്ല. പിണറായി വിജയന് മുന്നില്‍ ഇവരൊക്കെ മുട്ടിലിഴയുകയാണ്. അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നില്‍ തലകുനിച്ചു നില്‍ക്കുകയാണ് ഘടകകക്ഷികള്‍. 

പിണറായി വിജയനും സിപിഎമ്മും എന്തു പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നില്‍ക്കുകയെന്നതാണ് എല്‍ഡിഎഫ് ഘടകകക്ഷികളുടെ വിധി. അഭിപ്രായ സ്വാതന്ത്ര്യമോ ജനാധിപത്യ സംവിധാനമോ എല്‍ഡിഎഫില്‍ ഇല്ലെന്ന് ഇതോടെ വ്യക്തമായി. കര്‍ണാടകത്തില്‍ ലൈംഗിക ആരോപണത്തില്‍പ്പെട്ട് വഷളായ ജെഡിഎസിനെ കേരളത്തില്‍ ചുമക്കേണ്ട ഗതികേടിലാണ് എല്‍ഡിഎഫ്. 

എന്‍ഡിഎ ഘടകകക്ഷിയായ അതേ ജെഡിഎസിനെയും ഒക്കത്തിരുത്തിയാണ് പിണറായി വിജയന്‍ മോദി വിരുദ്ധത പ്രസംഗിക്കുന്നതെന്ന് യുഡിഎഫ് ആരോപണം ഉന്നയിച്ചപ്പോള്‍ മറുപടി നല്‍കാതെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചയാളാണ് മുഖ്യമന്ത്രി. മോദി പ്രശംസിച്ച എന്‍ഡിഎ ഘടകകക്ഷിയായ ജെഡിഎസിനെ തള്ളിപ്പറയാന്‍ എല്‍ഡിഎഫ് നേതൃത്വവും ഇതുവരെ തയാറാകാത്തത് എന്തുകൊണ്ടാണെന്നും സതീശൻ ചോദിച്ചു.

ആര്‍എസ്എസ് ഏജന്റുമാരായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പിണറായി വിജയനും ഇ പി ജയരാജനും സിന്ദാബാദ് വിളിക്കുന്ന ഏറാന്‍മൂളികളുടെ സംഘമായി എല്‍ഡിഎഫ് അധഃപതിച്ചു. സിപിഎമ്മിന്റെ ജീര്‍ണത ഘടകകക്ഷികളിലേക്കും വ്യാപിച്ചു. ഏതെങ്കിലും ഘടകകക്ഷികള്‍ക്ക് അല്‍പമെങ്കിലും ആത്മാഭിമാനം ശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തണം. ഇടതുപക്ഷമെന്ന പേരിലുള്ള മോദി-പിണറായി മുന്നണിയില്‍ ആത്മാഭിമാനം പണയം വച്ച് തുടരുന്നത് ശരിയുടെ രാഷ്ട്രീയമല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ