
തിരുവനന്തപുരം: അന്തരിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തകൻ ജി വിനോദിന്‍റെ മൃതദേഹം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലും പ്രസ് ക്ലബിലും മലയാള മനോരമ ഓഫീസിലുമായിരുന്നു പൊതുദര്‍ശനം നടന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ജി ആര്‍ അനിൽ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് ഗ്രൂപ് സിഇഒ ഫ്രാങ്ക് പി തോമസ് പുഷ്പചക്രം അര്‍പ്പിച്ചു.
മലയാള മനോരമ തിരുവനന്തപുരം ബ്യൂറോയിൽ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ആയിരുന്ന വിനോദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് അന്തരിച്ചത്. മുറിഞ്ഞപാലം ശാരദ നിവാസിൽപരേതനായ ഗോപിനാഥ പണിക്കരുടെയും (റിട്ട. സ്റ്റാറ്റിസ്ക്സ് ഓഫീസർ, കേരള സർവകലാശാല), രമാദേവിയുടെയും (കേരള സർവകലാശാല മുൻ ഉദ്യോഗസ്ഥ) മകനാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറാണ് ഭാര്യ. ഇഷാൻ മകനാണ്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിൽ വ്യക്തി മുദ്ര പതിപ്പിച്ച വിനോദ്, സംസ്ഥാന സർക്കാരിന്‍റെ മാധ്യമ പുരസ്കാരം, കേരള മീഡിയ അക്കാദമി പുരസ്കാരം, മുംബൈ പ്രസ് ക്ലബ് അവാര്‍ഡ്, തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. മികച്ച പത്രപ്രവർത്തകനുള്ള മലയാള മനോരമയുടെ 2005ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും കരസ്ഥമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam