പടലപിണക്കവും പാളയത്തില്‍ പടയും; ജോസ് കെ മാണിയെ ചെയര്‍മാനാക്കാനുള്ള നീക്കത്തില്‍ മാണി വിഭാഗത്തിലും എതിര്‍പ്പ് ശക്തം

By Web TeamFirst Published May 13, 2019, 7:38 AM IST
Highlights

പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം പാർട്ടിയുടെ വൈസ് ചെയർമാന്റ നേതൃത്വത്തിൽ നടക്കുന്നതിനെതിരെ മാണി വിഭാഗത്തിലെ നേതാക്കൾ തന്നെ രംഗത്തെത്തി

കോട്ടയം:ജോസ് കെ മാണിയെ ചെയർമാനാക്കാനുള്ള ജില്ലാപ്രസിഡന്റുമാരുടെ നീക്കത്തിനെതിരെ മാണി വിഭാഗത്തിൽ എതിർപ്പ് രൂക്ഷമാകുന്നു. ജോയി എബ്രാഹം ഉൾപ്പടെയുള്ള നേതാക്കാൾ ജോസ് കെ മാണിയെ അതൃപ്തി അറിയിച്ചു.

ജില്ലാപ്രസിഡന്റുമാരെ മുന്നിൽ നിർ‍ത്തി പാർട്ടി പിടിക്കാനുള്ള മാണിവിഭാഗത്തിന്റ നീക്കമാണ് പുതിയ വിവാദത്തിന് ഇടയാക്കിയത്. പരസ്യമായ ഗ്രൂപ്പ് പ്രവർത്തനം പാർട്ടിയുടെ വൈസ് ചെയർമാന്റ നേതൃത്വത്തിൽ നടക്കുന്നതിനെതിരെ മാണി വിഭാഗത്തിലെ നേതാക്കൾ തന്നെ രംഗത്തെത്തി. സി എഫ് തോമസിനെ കണ്ട ശേഷം നേതാക്കൾ മുൻ എംപി ജോയി എബ്രാഹാമിനെയും കണ്ടിരുന്നു. ഇപ്പോഴത്തെ നീക്കം പാർട്ടിയെ പിളർത്തുമെന്ന് ജോയി എബ്രഹാം ജില്ലാ പ്രസിഡന്റുമാരോട് പറ‌ഞ്ഞു.

പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടാക്കുന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോകണമെന്ന നിർദ്ദേശമാണ് ഈ നേതാക്കൾ നൽകുന്നത്. അനവസരത്തിലുള്ള നീക്കമാണെന്ന് മാണി വിഭാഗത്തിലെ മറ്റൊരു മുതിർന്ന നേതാവ് വിമർശിച്ചത്. പാർലമെന്ററി പാർട്ടിയിൽ മാണി വിഭാഗത്തിന് ഭൂരിപക്ഷമില്ല അതിനാലാണ് സംസ്ഥാനകമ്മിറ്റിയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ മാണി വിഭാഗം നീക്കം നടത്തുന്നത്. 

എന്നാൽ മാണി വിഭാഗത്തിലെ തിരുവന്തപുരം കൊല്ലം മലപ്പുറം ജില്ലാ പ്രസിഡന്റുമാർ ജോസ് കെ മാണിയെ കാണാൻ ഇന്നലെ എത്തിയിരുന്നില്ല. ബാക്കി ഏഴ് പേരിൽ ചിലരും ജോസഫിനെ വിളിച്ച് നീക്കത്തെ എതിർക്കുന്നതായി അറിയിച്ചുവെന്നാണ് സുചന. ഈ രീതിയിലാണ് മുന്നോട്ട് പോക്കെങ്കില്‍ പാർട്ടി രണ്ടാകുമെന്ന വിലയിരുത്തല്‍ പങ്കുവയ്ക്കുന്ന നേതാക്കളും കുറവല്ല.

click me!