
കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളെജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവിയും അധ്യാപകരും നിതിനെ ജാതിയും നിറവും സാമ്പത്തിക സ്ഥിതിയും പറഞ്ഞ് അധിക്ഷേപിച്ചിരുന്നുവെന്ന് അച്ഛൻ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെ വകുപ്പ് മേധാവിയടക്കം രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം ഉഴമലയ്ക്കലിലെ വാടകവീട്ടിൽ നിതിന്റെ കുടുംബത്തിന്റെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല.
ഡോക്ടറാകണമെന്ന ആഗ്രഹത്തിൽ പരിശ്രമിച്ച് നേടിയ മെറിറ്റ് സീറ്റ്. കോഴ്സിന് ചേർന്നിട്ട് ഒരു വർഷം പോലുമായില്ല. അതിന് മുന്നേ ആ വീട്ടിലേക്ക് എത്തിയത് നിതിന്റെ മരണവാർത്ത. ഇന്നലെയാണ് അഞ്ചരക്കണ്ടിയിലെ കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ നിലയിൽ നിതിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുന്നു കുടുംബം. ക്യാംപസിൽ നേരിട്ട പീഡനങ്ങൾ നിതിൻ മൂത്ത സഹോദരിമാരോട് പറഞ്ഞിരുന്നു. ആദ്യം സീനിയർ വിദ്യാർത്ഥികളും പിന്നീട് അധ്യാപകരും നിതിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
കുടംബത്തിന്റെ ആരോപണത്തിന് പിന്നാലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.എം.കെ.റാം, അസോ.പ്രൊഫ ഡോ.സംഗീത എന്നിവരെ കോളെജ് സസ്പെൻഡ് ചെയ്തു. ഇതിന് നിതിൻ ഒരു പരാതിയും നൽകിയിരുന്നില്ലെന്നും പ്രിൻസിപ്പാൾ വിനോദ് മോനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് കാരണം നേരത്തെ ഒരുമാസത്തോളം നിതിൻ വീട്ടിൽ വന്ന് മുറിയടച്ചിരുന്നുവെന്നും കുടുംബം പറയുന്നു. അന്ന് പഠനം മുടങ്ങുമോ എന്ന് ആശങ്കയെ തുടർന്നായിരുന്നു കോളെജിലേക്ക് മടങ്ങിയത്. നിതിന്റെ മരണത്തോടെ ആശയറ്റ് അച്ഛനും അമ്മയും രണ്ട് സഹോദരിമാരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam