മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റി, അന്ന് തന്നെ ആശിർ നന്ദ ജീവനൊടുക്കി; സ്കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ, 'തരംതാഴ്ത്തൽ കത്ത് നിർബന്ധിച്ച് വാങ്ങി'

Published : Jun 28, 2025, 03:14 PM IST
Ashir Nanda Suicide Case

Synopsis

ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ പാലക്കാട് ഡ‍ി ഡി ഇയുടെ അന്വേഷണത്തിൽ  കണ്ടെത്തിയിരിക്കുന്നത്

പാലക്കാട്: നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തെന്നും പാലക്കാട് ഡി ഡി ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങിയെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പാലക്കാട് ഡ‍ി ഡി ഇ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14) ആത്മഹത്യ ചെയ്തത്. ആശിർ നന്ദ ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന് ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. മാർക്ക് കുറഞ്ഞപ്പോൾ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതിൽ മനംനൊന്താണ് ആശിർ നന്ദ ജീവനൊടുക്കിയതെന്ന് കുട്ടിയുടെ അച്ഛനും അമ്മയും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിനെതിരെ നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്കൂൾ മാനേജ്മെൻ്റ് വിളിച്ച യോഗത്തിലും രക്ഷിതാക്കളുടെ പ്രതിഷേധമുണ്ടായി.

ഇതിനിടെ സുഹൃത്തിൻ്റെ പുസ്തകത്തിൽ ആശിർ നന്ദ എഴുതിയ ആത്മഹത്യ കുറിപ്പും പുറത്തുവന്നിരുന്നു. സ്കൂളിലെ അഞ്ച് അധ്യാപകർക്കെതിരെ ആരോപണങ്ങൾ ഉയർത്തുന്നതായിരുന്നു ആശിർനന്ദയുടെ കുറിപ്പ്. ആശിർ നന്ദയുടെ ആത്മഹത്യാക്കുറിപ്പിൽ 5 അധ്യാപകർക്കെതിരെ ആയിരുന്നു ആരോപണമെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം കടുത്തതോടെ ആരോപണ വിധേയരായ സ്കൂൾ പ്രിൻസിപ്പൾ ഒ പി ജോയിസി, അധ്യാപികമാരായ സ്റ്റെല്ല ബാബു, എ ടി തങ്കം എന്നിവരെ പുറത്താക്കിയിരുന്നു. ഇവരെ കൂടാതെ അമ്പിളി, അർച്ചന എന്നീ അധ്യാപകരുടെ പേരും ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്നാണ് വ്യക്തമായിട്ടുള്ളത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

 

PREV
Read more Articles on
click me!

Recommended Stories

റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം
ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു