കോടഞ്ചേരിയിലെ നിർമാണങ്ങൾ;എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടെ മറവില്‍ ഗുരുതര നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 20, 2022, 7:47 AM IST
Highlights

നാല് വകുപ്പുകളുടേയും റിപ്പോര്‍ട്ട് നിലവില്‍ കോഴിക്കോട് ജില്ല കലക്ടറുടെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റ നോളജ് സിറ്റിയോട് ചേര്‍ന്നാണ് എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടെയും നിര്‍മാണം


കോഴിക്കോട് ‌: കോടഞ്ചേരി പഞ്ചായത്തില്‍ ഭൂനിയമങ്ങള്‍(land act) അട്ടിമറിച്ച് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേഷണ പരമ്പര ശരിവച്ച് വിവിധ വകുപ്പുകളുടെ റിപ്പോര്‍ട്ട്(report). എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിക്കായി(entertainment city) ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പ് കുന്നിടിച്ചതും പാലം കെട്ടിയതും മണ്ണ് നീക്കിയതുമെല്ലാം യാതൊരു അനുമതിയുമില്ലാതെയെന്നാണ് കണ്ടെത്തല്‍. മാത്രമല്ല, ഈ അനധികൃത നിര്‍മാണങ്ങള്‍ വലിയ തോതിലുളള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. റവന്യൂ, ഇറിഗേഷന്‍, മണ്ണ് സംരക്ഷണം, മൈനിംഗ് ആന്‍ഡ് ജിയോളജി വിഭാഗങ്ങളുടെ റിപ്പോര്‍ട്ട് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 25 നാണ് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത പരമ്പരയെ തുടര്‍ന്ന് കോഴിക്കോട് ജില്ല കലക‍്ടര്‍ തേജ് ലോഹിത് റെഡ്ഡി വിവിധ വകുപ്പുകളിലെ ജില്ല ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഈ ഭൂമിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്.തുടര്‍ന്ന് ഒക്ടോബര്‍ 29 ന് സംഘം നടത്തിയ സംയുക്ത സ്ഥല പരിശോധനയിലും തുടരന്വേഷണങ്ങളിലൂടേയും സംഘം കണ്ടെത്തിയ പ്രധാന നിയമലംഘനങ്ങള്‍ ഇവയാണ്.

1. താമശേരി തഹസീല്‍ദാറുടെ റിപ്പോര്‍ട്ടില്‍ ഇങ്ങിനെ പറയുന്നു.ലാന്‍റ് മാര്‍ക്ക് ഗ്രൂപ്പിന്‍റെ നേതൃത്ത്വത്തില്‍ താമരശേരി താലൂക്കിലെ കോടഞ്ചേരി വില്ലേജില്‍ 12. 90 ഏക്കര്‍ ഭൂമിയില്‍ നടത്തുന്നത് അനധികൃത നിര്‍മ്മാണം തന്നെ.പോത്തുണ്ടി പുഴക്ക് കുറുകെയും പുഴയോട് ചേര്‍ന്നുള്ള അരുവിക്ക് കുറുകെയുമായി രണ്ട് പാലങ്ങള്‍ യാതൊരു അനുമതിയും ഇല്ലാതെ നിര്‍മ്മിച്ചതാണ്.ഇവിടെ നിന്ന് അനധികൃതമായി മണ്ണ് ഖനനം ചെയ്യുകയും വിവിധ ഭാഗങ്ങള്‍ നിരപ്പാക്കുകയും ചെയ്തിട്ടുണ്ട്. മണ്ണ് ഇട്ടതിനാല്‍ ഭൂമിയുടെ നിരപ്പിനും സ്വഭാവത്തിനും മാറ്റം വന്നിട്ടുമുണ്ട്.പുഴക്ക് കുറുകെ അനധികൃത പാലം നിര്‍മ്മിച്ചതിനാലും പുഴയുടെ അരികിലായി മണ്ണ് തള്ളിയതിനാലും മഴക്കാലക്കാലത്ത് ഈ പുഴയിലും അരുവിയിലും ഉണ്ടാകുന്ന അതിശക്തമായ കുത്തൊഴുക്കില്‍ ജലപ്രവാഹം തടസ്സപ്പെടാനും സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകാനും സാധ്യതയുണ്ട്.


2. ഇനി ജില്ലാ മണ്ണ് സംരക്ഷ ഓഫീസര്‍ ആയിഷ ടിപിയുടെ റിപ്പോര്‍ട്ട് കാണുക. പോത്തുണ്ടി പുഴയുടെ തീരത്ത് മുന്നൂറ് മീറ്ററോളം നീളത്തില്‍ റോഡ് നിര്‍മ്മാണമെന്ന് തോന്നുന്ന വിധത്തില്‍ ഒരു ബണ്ടും പാതയും നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തോട്ടിലും പുഴയിലുമായി രണ്ട് പാലങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ഈ നിര്‍മ്മാണങ്ങള്‍ക്കൊന്നും ബന്ധപ്പെട്ട വകുപ്പുകള്‍ അനുമതി നല്‍കിയിട്ടില്ല. അനുമതി ഇല്ലാതെ ഇത്തരം വന്‍കിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇത്രയും നാള്‍ മുന്നോട്ട് പോയത് ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍ പെടാത്തത് ദൗര്‍ഭാഗ്യകരമെന്നും മണ്ണ് സംരക്ഷണ ഓഫീസര്‍ തുറന്ന് സമ്മതിക്കുന്നു.

3. ഇവിടുത്തെ അനധികൃത നിര്‍മ്മാണങ്ങള്‍ വലിയ തോതിലുള്ള പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമാകാമെന്നാണ് ഇറിഗേഷന്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടിലുമുള്ളത്.പോത്തുണ്ടി പുഴക്ക് കുറുകെ അനധികൃതമായി നിര്‍മ്മിച്ച പതിനഞ്ച് മീറ്റര്‍ വീതിയുള്ള പാലത്തിന് ജനലനിരപ്പില്‍ നിന്ന് മൂന്നര മീറ്റര്‍ മാത്രമേ ഉയരമുള്ളൂ.തൊട്ടടുത്ത അരുവിക്ക് കുറുകെ നിര്‍മ്മിച്ച ഇരുപത്തിരണ്ട് മീറ്റര്‍ പാലത്തിന് നിലവിലെ ജലനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ മാത്രമേ ക്ലിയറന്‍സ് ഉള്ളൂ. കാലര്‍വര്‍ഷത്തില്‍ ഈ പുഴയിലും അരുവിയിലും ഉണ്ടാകുന്ന അതി ശക്തമായ കുത്തൊഴുക്കില്‍ പുഴക്ക് കുറുകെയുള്ള അനധികൃ‍ത പാലങ്ങള്‍ ജലപ്രവാഹത്തിന് തടസ്സമാവുകയും സമീപ പ്രദേശത്ത് വെള്ളപ്പൊക്കത്തിന് ഇടയാക്കുകയും ചെയ്യും.

4.ജില്ല ജിയോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ടിലും നിയമലംഘനങ്ങള്‍ അക്കമിട്ട് പറയുന്നു.അനധികൃതമായ മണ്ണെടുപ്പ് കൊണ്ട് ഭൂമിയുടെ നിരപ്പിനും സ്വഭാവത്തിനും മാറ്റം വന്നിട്ടുണ്ട്. അനുമതിയില്ലാതെയാണ് ഈ നിര്‍മ്മാണങ്ങള്‍ എന്നും വ്യക്തം. അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണ്.

ഈ നാല് വകുപ്പുകളുടേയും റിപ്പോര്‍ട്ട് നിലവില്‍ കോഴിക്കോട് ജില്ല കലക്ടറുടെ കൈവശമുണ്ട്. കഴിഞ്ഞ ദിവസം കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റ നോളജ് സിറ്റിയോട് ചേര്‍ന്നാണ് എന്‍റര്‍ടെയ്ന്‍മെന്‍റ് സിറ്റിയുടെയും നിര്‍മാണം. നോളജ് സിറ്റിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ വരുത്തി വെച്ച ദുരന്തം ഇക്കഴിഞ്ഞ ദിവസം നാം കണ്ടതുമാണ്.ഉന്നത സ്വാധീനമുള്ള ഇവിടുത്തെ നിയമലംഘകരുടെ മുഖം നോക്കാതെ നടപടി എടുക്കുവാന്‍ ജില്ലാ ഭരണകൂടത്തിന് ആവുമോ എന്നാണ് ഇനി അറിയേണ്ട്.

click me!