
കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസിൽ എൻഐഎക്ക് തിരിച്ചടി. ഒന്നാം പ്രതി അലൈൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി കൊച്ചിയിലെ എൻഐഎ കോടതി തള്ളി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങളില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി കോടതി തള്ളിയത്.
അലൈൻ ഷുഹൈബിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റുകളും പാലയാട് ക്യാംപസിൽ നടന്ന സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ അലനെതിരായ പന്നിയങ്കര പൊലീസ് റിപ്പോർട്ടുമാണ് ജാമ്യം റദ്ദാക്കണമെന്നതിന് തെളിവായി എൻഐഎ കോടതിയിൽ സമർപ്പിച്ചത്. എന്നാൽ ഇതിൽ വിശദമായ വാദം കേട്ട കോടതി ഇക്കാര്യങ്ങൾ ജാമ്യം റദ്ദാക്കാൻ കഴിയുന്ന തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി.
ഫെയ്സ്ബുക്കിൽ പങ്ക് വെച്ച ചില പോസ്റ്റുകൾ അലൻ എഴുതിയത് അല്ല. മറ്റാരുടെയോ പോസ്റ്റുകൾ റീഷെയർ ചെയ്തതാണ്. എന്നാൽ ഈ പോസ്റ്റുകളിലെ ആശയം അനുചിതമാണ്. ഭാവിയിൽ ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്യരുതെന്നും അലന് കോടതി നിർദ്ദേശം നൽകി. പാലയാട് ലീഗൽ സ്റ്റഡീസ് സെന്‍ററിൽ ഉണ്ടായ സംഘർഷത്തിൽ അലൈൻ ഷുഹൈബ് പ്രതിയായതിന് പിന്നാലെയാണ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എൻഐഎ കോടതിയെ സമീപിച്ചത്.
അലൻ ഷുബൈഹ് ജാമ്യവ്യവസ്ഥതകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പന്നിയങ്കര പൊലീസിനായിരുന്നു ചുമതല. ജാമ്യത്തിലിറങ്ങിയ ഘട്ടത്തിൽ അലന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
എന്നാൽ പാലയാട് സംഘർഷത്തിന് പിന്നാലെ അലൻ പ്രശ്നക്കാരനാണെന്ന രീതിയിൽ രണ്ടാമത് റിപ്പോർട്ട് നൽകി. ഈ സാഹചര്യം കൂടി ഉത്തരവിൽ കോടതി വിശദമാക്കി. 2019 ലാണ് മാവോയിസ്റ്റ് ആശയവുമായി ബന്ധപ്പെട്ട ലഘുലേഖകൾ കൈവശം വെച്ചതിന് അലൻ ഷുബൈഹിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ രജിസ്റ്റർ ചെയ്ത് കേസ് പിന്നീട് എൻഐഎ ക്ക് കൈമാറി. കേസിന്‍റെ വിചാരണ നടപടികൾ അടുത്ത മാസം ഏഴാം തിയതി തുടങ്ങാനിരിക്കെയാണ് കോടതിയിൽ എൻഐഎ ക്ക് തിരിച്ചടി.
READ MORE പന്തീരാങ്കാവ് യുഎപിഎ കേസിൽ ത്വാഹ ഫസലിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി: എൻഐഎയ്ക്ക് തിരിച്ചടി
READ MORE 'അലൻ ഷുഹൈബിനോട് പക വീട്ടുന്നു'; കള്ളക്കേസെടുത്ത് യുഎപിഎ കേസിലെ ജാമ്യം റദ്ദാക്കാൻ നീക്കമെന്ന് സതീശൻ
<
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam