
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും പാസാകുന്നതും അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. യുജിസി അംഗീകരിച്ച സെറ്റും എസ്എൽഇടി പരീക്ഷയും പാസാകുന്നവർക്കാണ് കോളേജ് അധ്യാപകർ ആകാൻ കഴിയുക. ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും.
ചില സംസ്ഥാനങ്ങളിലെ സെറ്റ്, സ്ലെറ്റ് പരീക്ഷകൾക്ക് മാത്രമാണ് യുജിസിയുടെ അംഗീകാരമുളളത്. ഈ പരീക്ഷ പാസായി വരുന്നവർക്ക് ഇനി കേരളത്തിൽ കോളേജ് അധ്യാപക നിയമനത്തിന് അപേക്ഷിക്കാനാവും. നെറ്റ്, സെറ്റ്, സ്ലെറ്റ് പരീക്ഷ പാസാകുന്നവർക്ക് കോളേജ് അധ്യാപക നിയമനത്തിന് അനുവാദം നൽകിക്കൊണ്ട് 2018 ൽ യുജിസി ചട്ടം ഭേദഗതി ചെയ്തിരുന്നു. എന്നാൽ ഇത് കേരളത്തിൽ കോളേജ് അധ്യാപക നിയമനത്തിനുള്ള സ്പെഷൽ റൂൾസിൽ ഉൾപ്പെടുത്തിയിരുന്നില്ല. യുജിസി ചട്ടത്തിലുണ്ടായ മാറ്റം കേരളത്തിലെ സ്പെഷൽ റൂൾസിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള സർക്കാർ ഉത്തരവാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്