
ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചു. ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജിനഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്. മതിലിനടിയിൽ കുടുങ്ങിയവർക്കായി ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി സിദ്ധരാമയ്യയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. രക്ഷാ പ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എല്ലാവിധ സഹായങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രണ്ട് മണിക്കൂർ നീണ്ടുനിന്ന കനത്ത മഴയിൽ നഗരം വെള്ളത്തിനടിയിലായി. വിധാന സൗധ, കണ്ഠീരവ സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിൽ കനത്ത ആലിപ്പഴ വർഷമാണ് ഉണ്ടായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി അമ്പതോളം മരങ്ങൾ കടപുഴകി വീണു. ഇതേത്തുടർന്ന് മെട്രോ സർവീസുകൾ തടസ്സപ്പെടുകയും വിമാനത്താവളത്തിലേക്കുള്ള റോഡുകൾ ഉൾപ്പെടെ നഗരത്തിലെ പ്രധാന പാതകളെല്ലാം മണിക്കൂറുകളോളം ഗതാഗതക്കുരുക്കിലാവുകയും ചെയ്തു. പലയിടങ്ങളിലും വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിൽ 78 മില്ലിമീറ്റർ മഴയാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. വരും മണിക്കൂറുകളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബെംഗളൂരു അർബൻ, റൂറൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കാനും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾ ബിബിഎംപിയും അഗ്നിശമനസേനയും ചേർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam