കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരന്‍റെ ആത്മഹത്യ: കീഴടങ്ങിയ പൊലീസുകാരെ റിമാൻഡ് ചെയ്തു

By Web TeamFirst Published Oct 14, 2019, 9:14 PM IST
Highlights

ഇന്ന് രാവിലെയാണ്  ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിൽ പൊലീസുകാർ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിരസിച്ചതോടെയായിരുന്നു ഏഴുപേരുടെയും കീഴടങ്ങൽ. 

പാലക്കാട്: കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കീഴടങ്ങിയ ഏഴ് പൊലീസുകാരെയും റിമാൻഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പൊലീസുകാരായ മുഹമ്മദ് ആസാദ്, റഫീഖ്, പ്രതാപൻ, ശ്രീജിത്ത്, ജയേഷ് , വൈശാഖ്, മഹേഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെയാണ്  ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിൽ പൊലീസുകാർ കീഴടങ്ങിയത്. മുൻകൂർ ജാമ്യം നിരസിച്ചതോടെയായിരുന്നു ഏഴുപേരുടെയും കീഴടങ്ങൽ. ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ച ഇവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി സസ്പെന്റ് ചെയ്തിരുന്നു. കുമാറിനെ ജൂലൈ 25നാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാംപിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. കുമാറിന്റെ ആത്മഹത്യക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.  

എആ‍‍ർ ക്യാംപിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റ്   എൽ.സുരേന്ദ്രൻ, ഏഴ് പൊലീസുകാർ എന്നിവർ കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴുപേരെ സസ്പെന്റ് ചെയ്തെങ്കിലും ഇവരുടെ അറസ്റ്റ് വൈകുന്നെന്ന് ആരോപണമുണ്ടായിരുന്നു. സംഭവസമയത്ത് ക്യാംപ് മേധാവിയായിരുന്ന സുരേന്ദ്രൻ ജൂലൈ 31ന് വിരമിച്ചു. ഇദ്ദേഹത്തെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.  

Read Also: കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരന്‍റെ ആത്മഹത്യ; ഏഴ് പൊലീസുകാര്‍ കീഴടങ്ങി

കുമാറിന്റെ മൊബൈൽഫോൺ പിടിച്ചുവയ്ക്കൽ, ക്വാട്ടേഴ്സ് കുത്തിത്തുറന്ന് സാധനങ്ങൾ മാറ്റൽ തുടങ്ങിയ ക്രമക്കേടുകളും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് ഈ ഏഴ് പേരാണെന്ന് കണ്ടെത്തിയിരുന്നു. ആദിവാസികൾക്കെതിരായ അതിക്രമം തടയുന്ന വകുപ്പുപ്രകാരമുളള ചാർജ്ജുകളും ഇവർക്കെതിരെയുണ്ട്.  അതേസമയം,  മുൻകൂർജാമ്യം കിട്ടാത്തതിനാൽ മറ്റുവഴിയില്ലാത്തതോടെ ഇവർ കീഴടങ്ങിയെന്നും പ്രതികൾക്കായി പൊലീസ് ഒത്താശ ചെയ്തെന്നും കുമാറിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. 
 

click me!