Asianet News MalayalamAsianet News Malayalam

കല്ലേക്കാട് എആർ ക്യാംപിലെ പൊലീസുകാരന്‍റെ ആത്മഹത്യ; ഏഴ് പൊലീസുകാര്‍ കീഴടങ്ങി

ക്യാമ്പിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി. കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. 

seven police officials surrendered on the death of police official kumar
Author
Palakkad, First Published Oct 14, 2019, 3:38 PM IST

പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാർ ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിൽ കീഴടങ്ങി. ആദിവാസി വിഭാഗത്തിൽപെട്ട കുമാറിനെ ജാതീയമായും മാനസികമായും പീഡിപ്പിച്ച ഇവർക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി സസ്പെന്‍റ് ചെയ്തിരുന്നു. മുൻകൂർ ജാമ്യം നിരസിച്ചതോടെയാണ് ഏഴുപേരും കീഴടങ്ങിയത്. ഇവരെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും. കല്ലേക്കാട് എആർ ക്യാമ്പിലെ പൊലീസുകാരനായ കുമാറിനെ ജൂലൈ 25നാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്യാമ്പിലെ ജാതി വിവേചനവും മാനസിക പീഡനവുമാണ് ആത്മഹത്യക്ക് കാരണമെന്നായിരുന്നു കുടുംബാംഗങ്ങളുടെ പരാതി.

കുമാറിന്‍റെ ആത്മഹത്യാക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എആ‍‍ർ ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡന്‍റ് എല്‍ സുരേന്ദ്രൻ, ഏഴ് പൊലീസുകാർ എന്നിവർ കുറ്റക്കാരെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഏഴുപേരെ സസ്പെന്‍റ് ചെയ്തെങ്കിലും ഇവരുടെ അറസ്റ്റ് വൈകുന്നെന്ന് ആരോപണമുണ്ടായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നിരസിച്ചതോടെയാണ് പൊലീസുകാരായ മുഹമ്മദ് ആസാദ്, റഫീഖ്, പ്രതാപൻ, ശ്രീജിത്ത്, ജയേഷ് , വൈശാഖ്, മഹേഷ്  എന്നിവർ ക്രൈംബ്രാഞ്ച് എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്. സംഭവസമയത്ത് ക്യാമ്പ് മേധാവിയായരുന്ന സുരേന്ദ്രൻ ജൂലൈ 31ന് വിരമിച്ചു. ഇദ്ദേഹത്തെ നേരത്തെ തന്നെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. 

കുമാറിന്‍റെ മൊബൈൽഫോൺ പിടിച്ചുവയ്ക്കൽ, ക്വാട്ടേഴ്സ് കുത്തിത്തുറന്ന് സാധനങ്ങൾ മാറ്റൽ തുടങ്ങിയ ക്രമക്കേടുകളും മാനസികമായി പീഡിപ്പിക്കുകയും ഈ ഏഴുപേര്‍ ചെയ്തെന്ന് കണ്ടെത്തിയിരുന്നു. ആദിവാസികൾക്കെതിരായ അതിക്രമം തടയുന്ന വകുപ്പുപ്രകാരമുളള ചാർജ്ജുകളും ഇവർക്കെതിരെയുണ്ട്.  അതേസമയം  മുൻകൂർജാമ്യം കിട്ടാത്തതിനാൽ മറ്റുവഴിയില്ലാത്തതോടെ ഇവർ കീഴടങ്ങിയെന്നും പ്രതികൾക്കായി പൊലീസ് ഒത്താശ ചെയ്തെന്നും കുമാറിന്‍റെ കുടുംബാംഗങ്ങൾ ആരോപിച്ചു. 

Follow Us:
Download App:
  • android
  • ios